മതം തെളിയിച്ചപ്പോള്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തി ഗുരുവായൂര്‍ നഗരസഭ. പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ ജയചന്ദ്രന്റെയും ആനന്ദകനകത്തിന്റെയും മകള്‍ ക്രിസ്റ്റീന എമ്പ്രസിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്നലെ ഗുരുവായൂര്‍ നഗരസഭ വിസമ്മതിച്ചിരുന്നു. ഇത് വിവാദമായതോടെ ചെയര്‍മാനും രാഷ്ട്രീയ നേതാക്കളും ഇടപെട്ടെങ്കിലും മതം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയതിന് ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.
നവോത്ഥാനം പ്രസംഗിക്കുകയും ജാതി ചോദിക്കുകയും ചെയ്യുകയാണെന്ന് ആനന്ദകനകം പ്രതികരിച്ചു.
നവോത്ഥാനം വീണ്ടും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ജാതിയും മതവും ശക്തമാക്കുകയാണ് ഇതിലൂടെ. ഓരോ മതത്തിലുള്ളവര്‍ക്കും ഇന്ന പേരുകളെ പാടുള്ളുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. അപകടാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.ആനന്ദകനകം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഓഗസ്റ്റ് 24നായിരുന്നു ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി തിങ്കളാഴ്ച നഗരസഭ ഓഫീസിലെത്തിയതായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ ഹാജരാക്കിയിരുന്നെങ്കിലും ജാതി തെളിയിക്കുന്നതിനാവശ്യമായ രേഖ ആവശ്യപ്പെടുകയായിരുന്നു. എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പ് ഹാജരാക്കിയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്.
കൃഷ്ണന്‍, ക്രിസ്തു, എമ്പ്രസ് നദി എന്നിവ ചേര്‍ത്താണ് മകള്‍ക്ക് പേരിട്ടതെന്ന് അനന്ദകനകം പറയുന്നു. പേര് കണ്ടപ്പോള്‍ കേസാകുമെന്നും കോടതിയില്‍ പോകേണ്ടി വരുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമ്മയുടെയും അച്ഛന്റെയും ഹിന്ദു പേരുകളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ ഉറച്ചു നിന്നു. അത് നല്‍കിയതിന് ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത് തന്നതെന്നും ആനന്ദകനകം വ്യക്തമാക്കി.
രജിസ്ട്രാര്‍ ഇന്നലെ അവധിയിലായിരുന്നതിനാല്‍ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു ചുമതലയെന്നാണ് നഗരസഭ നല്‍കുന്ന വിശദീകരണം. ഉദ്യോഗസ്ഥന്‍ ക്രിസ്റ്റീനയോടും കുടുംബത്തോടും മാപ്പ് പറഞ്ഞു.