ബിരുദം നേടി വരൂവെന്ന് കളിയാക്കിയ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മെനൂച്ചിന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ തകര്‍പ്പന്‍ മറുപടി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനസ്സിലാക്കാന്‍ കോമണ്‍സെന്‍സ് മതിയെന്നും ബിരുദം നേടണമെന്നില്ലെന്നുമായിരുന്നു പ്രതികരണം. ഗ്രെറ്റയുടെ വാ്ക്കുകള്‍ ഇങ്ങനെ. അവശേഷിക്കുന്ന 1.5 ഡിഗ്രി കാര്‍ബണ്‍ ബജറ്റ് എന്ന സങ്കല്‍പ്പവും, പുതുതായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്ധന സംബന്ധിയായ ഇളവുകളും, പര്യവേക്ഷണ മേഖലയില്‍ വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങളുമെല്ലാം രണ്ടു ദിശയിലാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. അതിനിനി കോളേജില്‍ പോയി സാമ്പത്തികശാസ്ത്ര ബിരുദമൊന്നും നേടണമെന്നില്ല.
പെട്രോളിയം ഉള്‍പ്പടെയുള്ള ഹൈഡ്രോ കാര്‍ബണ്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഖനനത്തില്‍ നിക്ഷേപങ്ങള്‍ കുറയ്ക്കണമെന്നായിരുന്നു സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഗ്രെറ്റ മുന്നോട്ടുവെച്ച ആശയം. പ്രമുഖ കോര്‍പ്പറേറ്റ് ബിസിനസ് ഉടമകളോടും, ലോക നേതാക്കളോടുമായിരുന്നു അഭ്യര്‍ത്ഥന. ഇതിനെതിരെ യുഎസ് ട്രഷറി ജനറല്‍ സ്റ്റീവ് മെനുച്ച് പരിഹാസരൂപേണയാണ് പ്രതികരിച്ചത്. ഗ്രെറ്റയോ? അതാരാണ്്? അവരാണോ ഇവിടത്തെ ചീഫ് ഇക്കോണമിസ്റ്റ് ? ആദ്യം കോളജില്‍ പോയി കുറച്ച് സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുവരാന്‍ പറയൂ. എന്നിട്ട് വേണമെങ്കില്‍ ഗ്രെറ്റയില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാം.' ഇതായിരുന്നു ഗ്രെറ്റയുടെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാധ്യമങ്ങളോടുള്ള സ്റ്റീവിന്റെ മറുപടി.
സ്വീഡനില്‍ നിന്നുള്ള 17 കാരിയായ ഗ്രെറ്റ പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാടുമായി ഐക്യരാഷ്ട്രസഭാ വേദിയിലടക്കം ശ്രദ്ധനേടിയിട്ടുണ്ട്. ഇക്കഴിഞ്ഞയിടെ യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ചടങ്ങിനായി ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെയും ഗ്രെറ്റ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. അടിയന്തര നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരുന്നു പ്രതിഷേധത്തിലൂടെ ഗ്രെറ്റ ലക്ഷ്യമിട്ടത്. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരുന്നാണ് ലോക ശ്രദ്ധയാകര്‍ഷിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം