അഗ്നിശമനസേനയ്ക്ക് കീഴില്‍ ജനകീയ ദുരന്തപ്രതിരോധ സേന രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സന്നദ്ധ സേവകരെ ഉള്‍പ്പെടുത്തി 'സിവില്‍ ഡിഫന്‍സ്' രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനമായി. പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക.
സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍
തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.
പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും. ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.