ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാനും തീരുമാനമായി. കള്ളവോട്ട്, ഇരട്ട വോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കുകയുമാണ് ലക്ഷ്യം. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. എന്നാല്‍ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നായിരുന്നു പദ്ധതി ഉപേക്ഷിച്ചത്. എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാം എന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിക്ക് പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ നടപടി ആരംഭിക്കുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കി ആധാര്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം. ഇതിനായി നിയമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ അയക്കും.