പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാം. നിയമപരമായ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹര്‍ജിയിലെ വാദം.
നേരത്തെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത് ഭരണ-പ്രതിപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് തെറ്റാണെന്നായിരുന്നു പ്രതികരണം. നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നു ഗവര്‍ണര്‍ ആരോപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. പൊതുപണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ആ പണം ചിലവഴിക്കുന്നത് തെറ്റാമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.