കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയിലും ആരംഭിക്കാന്‍ തീരുമാനം. നിലവില്‍ തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം ഒരുങ്ങുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യം ദീര്‍ധഘകാലമായി ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ വലിയ തുക മുടക്കി ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കാത്തവര്‍ വലിയ പ്രയാസമായിരുന്നു നേരിട്ടത്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ മേഖലയിലും കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.
കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ സംവിധാനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദ ക്യുവിനോട് പറഞ്ഞു.
അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഒരു സൊസൈറ്റിയുടെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ഓപ്പറേഷന്‍ തീയറ്റര്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.സി.യു, മറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവയുടെ സജ്ജീകരണങ്ങള്‍ നടപ്പിലാക്കുകയാണ്.
അവയവദാന പ്രക്രിയയില്‍ കാലതാമസം ഒഴിവാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (സോട്ടോ) സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ സംവിധാനമുണ്ടാകണമെന്ന ആവശ്യം ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയും ഉന്നയിച്ചിരുന്നു.