ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നും ജീവനക്കാരോട് ജോലിയില്‍ തിരികെ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് തന്നെ ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്. ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പണിമുടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക-ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ ദ്വിദിന ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദേശീയതലത്തില്‍ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണിത്. പുതിയ നാല് തൊഴില്‍ ചട്ടം പിന്‍വലിക്കുന്നത് അടക്കം പന്ത്രണ്ടിന ആവശ്യം മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.