കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനിടെ മരിച്ച അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റിലെ വാദം പൊളിയുന്നു. ലോക്ക്ഡൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചുവെന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്ത് ലോകസഭാ എംപിമാരായിരുന്നു പാര്‍ലമെന്റില്‍ അതിഥിതൊഴിലാളികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍ പറഞ്ഞത്. വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യന്‍ റെയില്‍വേയുടെ 18 സോണുകളിലാണ് വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നത്. ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ കുറഞ്ഞത് 80 മരണമെങ്കിലും സ്ഥിരീകരിച്ചുവെന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു. നവജാത ശിശുക്കളും, എട്ട് മാസം പ്രായമുള്ള കുഞ്ഞും 85 വയസുകാരനുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതിഥിതൊഴിലാളികളുടെ മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിവരങ്ങള്‍ ബന്ധപ്പെട്ട റെയില്‍വേ മേഖലയിലേക്കോ ഡിവിഷനിലേക്കോ കൈമാറുന്നതിനുള്ള ചുമതല റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് നല്‍കിയിരുന്നുവെന്നും ദ വയറിന് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും പലരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മരിച്ചവരില്‍ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് ആര്‍പിഎഫിന്റെ രേഖകള്‍ പറയുന്നത്. മറ്റ് പലര്‍ക്കും ചുമ, പനി തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു. 14 ഡിവിഷന്‍ മാത്രമാണ് വിവരാവകാശം വഴി വിവരങ്ങള്‍ നല്‍കിയതെന്നും, എന്നാല്‍ മറ്റ് ഡിവിഷനുകളുടെ കൂടി വിവരങ്ങള്‍ ലഭിച്ചാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.