ഒന്‍പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലൂടെ എം ശിവശങ്കര്‍ ഐഎഎസില്‍ നിന്ന് ശഖരിച്ച വിവരങ്ങള്‍ കസ്റ്റംസ് വിശദമായി വിലയിരുത്തും. മൊഴിയില്‍ വ്യക്തത വരുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ തുടര്‍നടപടികളുണ്ടാവുക. അതേസമയം കൊച്ചിയിലെത്തിച്ച് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം വിട്ടുകൊടുക്കാന്‍ അദ്ദേഹം പലരീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കസ്റ്റംസിന് വിവരം ലഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ഗോ കോംപ്ലക്‌സ് വഴിയും അദ്ദേഹം ഇടപെട്ടെന്നാണ് വിവരം. അതേസമയം സ്വപ്‌ന സുരേഷ് സഹപ്രവര്‍ത്തകയാണെന്നും സരിത് സുഹൃത്താണെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്വപ്‌ന സുരേഷിനെ നാലുവര്‍ഷമായി അറിയാം. അവരെ പലതവണ വിളിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. ജൂലായ് ഒന്ന്, രണ്ട് തിയ്യതികളില്‍ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ ശിവശങ്കര്‍ കണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ശിവശങ്കര്‍ വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ സ്വപ്‌നയും ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരമുണ്ട്. വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ രാത്രി വൈകിയും ഏറെ നേരം ചോദ്യം ചെയ്തത് അസാധാരണ നടപടിയാണ്.