പ്ലാസ്റ്റിക് വിമുക്തമാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഛത്തീസ്ഗഡിലെ അംബികാപൂരില്‍ 'ഗാര്‍ബേജ് കഫേ' പ്രവര്‍ത്തനമാരംഭിച്ചു. കവറുകളും കുപ്പികളും അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടി നല്‍കിയാല്‍ പകരം കഫേയില്‍ നിന്ന് വയറുനിറയെ ഭക്ഷണം ലഭിക്കും. മഹാത്മാഗാന്ധിയുടെ 150 ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ചാണ് അംബികാപൂര്‍ നഗരസഭ ശ്രദ്ധേയ പദ്ധതി നടപ്പാക്കിയത്.ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോയാണ് കഫേ ഉദ്ഘാടനം ചെയ്തത്.
അരക്കിലോ പ്ലാസ്റ്റിക് നല്‍കിയ തനിക്ക് വിഭവസമൃദ്ധമായ ഭക്ഷണം ലഭിച്ചെന്ന് പ്രദേശവാസിയായ ഒരാള്‍ വ്യക്തമാക്കി. നല്ല രുചിയും ഗുണമേന്‍മയുമുള്ളതാണ് ഇവിടെ നിന്ന് ലഭിച്ച ആഹാരമെന്നും ഇയാള്‍ വിശദീകരിച്ചു. കവറും കുപ്പിയും അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കെട്ടുമായി നിരവധി പേരാണ് എത്തുന്നതെന്ന് കഫേ ജീവനക്കാരും വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിന്റെ അളവ് കൂടുന്തോറും ഭക്ഷണത്തിന്റെ തോതും വര്‍ധിക്കുമെന്ന് ഇവര്‍ അറിയിച്ചു.
2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമപ്രകാരം 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇവിടെയുള്ള പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനികളിലും കച്ചവടസ്ഥാപനങ്ങളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. നിയമം ലംഘിച്ചവര്‍ക്ക് കനത്ത പിഴയും ചുമത്തി. പിന്നാലെ കടകളില്‍ പ്ലാസ്റ്റിക് കിറ്റുകളും ഭക്ഷണശാലകളില്‍ പ്ലാസ്റ്റിക് സ്പൂണുകളും ഫോര്‍ക്കുകളും ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.
പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും പ്ലാസ്റ്റിക് ദോഷകരമാകുന്നതില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കേണ്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് 2022 ഓടെ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുമുണ്ട്.