കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടികള്‍ കാഴ്ചക്കാരില്‍ കൊലപാതകങ്ങള്‍ നടത്താനുളള പ്രേരണയാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട സീരിയല്‍ ഒരു മലയാളം ചാനലില്‍ കാണാനിടയായി. അത് കൊലപാതങ്ങള്‍ക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നതെന്നും ചാനലുകള്‍ ആവിഷ്‌കാര സ്വാതന്ത്രത്തെ മുതലെടുക്കരുതെന്നും സുധാകരന്‍ പറഞ്ഞു. കൂടത്തായി കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഒരു ടെലിവിഷന്‍ ചാനലില്‍ 'കൂടത്തായി' സീരിയല്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ മംഗളം സംഘടിപ്പിച്ച വികസന സെമിനാറിന്റെ ഉദ്ഘാടനപ്രസംഗത്തിനിടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയില്‍ ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
14 വര്‍ഷം കൊണ്ട് അത്യധികം കൃത്യതയോടെ നടപ്പാക്കിയ ആറ് കൊലപാതകങ്ങളാണ് താമരശ്ശേരി കൂടത്തായിയില്‍ നടന്നത്. പൊട്ടാസ്യം സയനൈഡ് നല്‍കി ആറ് കൊലപാതകങ്ങള്‍ ചെയ്തുവെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായിരിക്കുന്ന വ്യക്തിയാണ് ജോളി. ജോളിയെ കേന്ദ്ര കഥാപാത്രമാക്കി ഇതിനോടകം രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോളിയുടെ മക്കളുടെ പരാതിയില്‍ ജോളി, ആന്റണി പെരുമ്പാവൂര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ് കോന്നി എന്നിവരുള്‍പ്പടെ എട്ട് പേര്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ജനുവരി 25ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.