മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതള്‍വാദിന്റെ അറസ്റ്റിനുള്ള കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് മദന്‍ ബി ലോകൂര്‍. സുപ്രീം കോടതിയുടെ ഉദ്ദേശം അവരെ അറസ്റ്റ് ചെയ്യുക എന്നത് തന്നെ ആയിരുന്നോ അതോ അതൊരു നിര്‍ദേശം മാത്രമായിരുന്നോ എന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മദന്‍ ബി ലോകൂര്‍ ദ വയറില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ടീസ്റ്റയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം തീവ്രവാദവുമായി ബന്ധപ്പെട്ട് അല്ലെന്നിരിക്കിലും എന്തിനാണ് അവരെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
'ഞാന്‍ പറയുന്നതില്‍ തെറ്റില്ലെങ്കില്‍, ടീസ്റ്റയുടെ അറസ്റ്റിന് നിര്‍ദേശിച്ച ജഡ്ജിമാര്‍ ഒരു വ്യക്തതവരുത്തണമെന്ന് അപേക്ഷിക്കുന്നു. ടീസ്റ്റയെ അറസ്റ്റ് ചെയ്യുക എന്നത് തന്നെയായിരുന്നോ ഉദ്ദേശമെന്ന് വ്യക്തമാക്കണം. ജഡ്ജിമാര്‍ ടീസ്റ്റയുടെ അറസ്റ്റ് റദ്ദാക്കി അവരെ വിട്ടയക്കണം,' മദന്‍ ബി ലോകൂര്‍ പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും നിരന്തരമായ പൊള്ളയായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ടീസ്റ്റ സെതള്‍വാദിനെ, സുപ്രീം കോടതി അനുശാസിച്ചത് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.