കൂടത്തായിയിലെ കൂട്ടമരണത്തില്‍ ഫൊറന്‍സിക് പരിശോധനയില്‍ സൈനേഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ശക്തമായ തെളിവാകുമെന്ന് വിദഗ്ധര്‍. ആറ് മരണങ്ങളും ഒരേ ലക്ഷണങ്ങളോടെയായതും റോയിയുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ സൈനേഡിന്റെ അംശം കണ്ടെത്തിയത് കൊണ്ടുമാണ് പോലീസ് ആറ് മരണത്തിനും കാരണം ഇതായേക്കാമെന്ന നിഗമനത്തില്‍ എത്തിയത്. മരിച്ച് പതിനാല് വര്‍ഷം വരെയായവരും ഉള്‍പ്പെട്ടതിനാല്‍ ശരീരാവശിഷ്ടങ്ങളില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുവാനുള്ള സാധ്യത കുറവാണെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധന്‍ കൃഷ്ണന്‍ ബാലചന്ദ്രന്‍ ‘ദ ക്യൂ’വിനോട് പറഞ്ഞു.
കെമിക്കല്‍ അനാലിസിസില്‍ സയനേഡ് അയോണ് കിട്ടണം. അത് കിട്ടിയെങ്കില്‍ മാത്രമേ സൈനേഡ് പോയ്സോണിങ് ആണെന്ന് ഉറപ്പിക്കാന്‍ പറ്റുകയുള്ളു. കാര്‍ബന്റെയും നൈട്രജന്റെയും ഇടയിലുള്ള ആറ്റം സൈനേഡിന്റെ ആറ്റം മോളിക്കൂളിന് ഫോം ചെയ്യാനുള്ള ആനയോണിനെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ബോണ്ട് ഇത്രയും വര്‍ഷമായിട്ട് ബോഡിയില് ഇരിക്കണം. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ഡോക്ടര്‍ കൃഷ്ണന്‍
ശരീരം മറവ് ചെയ്ത് കഴിഞ്ഞാല്‍ സൈനേഡ് വേര്‍തിരിഞ്ഞ് കാര്‍ബണും നൈട്രജനും ആയി മാറും. ഇവ ശരീരത്തിലെ സ്വാഭാവിക ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ പരിശോധനയില്‍ കാര്‍ബണോ നൈട്രജനോ കിട്ടിയത് കൊണ്ട് കാര്യമില്ല. രാസ വിശകലനത്തില്‍ ഇവ കൃത്യമായി കിട്ടിയാലേ പരിശോധന കൊണ്ട് അന്വേഷണത്തിന് പ്രയോജനപ്പെടുന്ന തെളിവാകുകയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത ബോഡിയില് നിന്നും സൈനേഡിന്റെ അംശം കണ്ടെത്തിയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് വിദേശ രാജ്യങ്ങളിലാണ്. ശവശരീരം പെട്ടെന്ന് കേടുവരാതിരിക്കാനുള്ള മരുന്നുകള്‍ അവിടെ ഉപയോഗിക്കാറുണ്ട്. അങ്ങനെ ശവമടക്കിയിടത്തു നിന്നാണ് ഇവ കിട്ടിയിട്ടുള്ളത്. നമ്മുടെ നാട്ടില്‍ അത്തരം മരുന്നുകള്‍ ഉപയോഗിക്കാത്തത് കൊണ്ട് സൈനേഡിന്റെ അംശം ലഭിക്കാന്‍ വളരെ ചെറിയ സാധ്യത മാത്രമാണുള്ളത്.
ഹൈഡ്രജനും സയനേഡും കൂടെ ചേര്‍ന്നിട്ടുള്ള ഹൈഡ്രോ സൈനിക് ആസിഡ് എന്ന കെമിക്കല്‍ ഉണ്ടാകുന്നത് കൊണ്ടാണ് ഒരാള്‍ സൈനേഡ് കഴിച്ചു കഴിഞ്ഞാല്‍ മരിക്കുക. പൊട്ടാഷ്യം സൈനേഡ് കുറച്ച് അധികം കഴിക്കണം, ഇത് വയറ്റിലെ ഹൈഡ്രോ ക്‌ളോറിക് അസിഡുമായിട്ടു റിയാക്റ്റ് ചെയ്ത് ഹൈഡ്രോ സയനിക് ആസിഡ് ഉണ്ടാകും. വയറ്റില്‍ നിന്നും കുടലുകളിലേക്കും അവിടുന്നു കരളിലേക്കും ഹൃദയത്തിലേക്കും പിന്നീട് ബ്ലഡ് വഴി ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തും. അങ്ങനെയാണ് ഒരാള്‍ മരിക്കുന്നത്. പൊട്ടാഷ്യം സൈനേഡ് ആണെങ്കില്‍ 2 മണിക്കൂറോളമെടുക്കും ഒരാള്‍ മരിക്കാന്‍.
എന്നാല്‍ തമിഴ് പുലികള്‍ മാലയില്‍ കൊണ്ടുനടക്കുന്ന ക്യാപ്‌സ്യൂളില്‍ ഒരു പകുതിയില്‍ ഹൈഡ്രോ ക്ലോറിക്ക് ആസിഡും മാറ്റേ പകുതിയില്‍ പൊട്ടാസ്യം സൈനേഡും ആയിരിക്കും. പോലീസ് പിടിക്കും എന്നു ഉറപ്പാകുമ്പോള്‍ അതെടുത്ത് വിഴുങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. ഹൈഡ്രോ ക്ലോറിക്ക് ആസിഡും പൊട്ടാസ്യം സൈനേഡും കൂടിച്ചേര്‍ന്ന് നേരെ ഹൃദയത്തിലേക്കും പിന്നീട് രക്തത്തിലോട്ടും പോകുന്നത് കൊണ്ടാണ് മുപ്പത് മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ മരിക്കുന്നത്. സാധാരണ പൊട്ടാഷ്യം സൈനേഡ് മാത്രം ആണെങ്കില്‍ 2 മണിക്കൂര്‍ വരെ സമയമെടുക്കും മരണപ്പെടാന്‍. സൈനേഡ് എന്നു പറയുന്നത് പുളിപ്പായിട്ടുള്ള ഒന്നാണ്. കത്തുന്ന വേദനയാണ് ഇത് ഉള്ളില്‍ ചെന്നാല്‍.
സ്ലോ പോയ്സനിങിലൂടെ സൈനേഡ് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ കഴിയുകയില്ല. ഹൈഡ്രോ സൈനിക്ക് ആസിഡ് ആണെങ്കില്‍ 10 മുതല്‍ 30 മിനിറ്റിനുള്ളില്‍ മരിക്കും. അസിഡിറ്റിക്ക് മരുന്ന് കഴിക്കുന്നവര്‍ ആണെങ്കില്‍ ചിലപ്പോള്‍ കുറച്ചു സമയം കൂടെ നീട്ടിക്കിട്ടും. കഴിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു മരിക്കുന്നതെങ്കില്‍ സൈനേഡ് ആയിരിക്കുകയില്ല.
സൈനേഡ് ശരീരത്തിന് ഓക്‌സിജന്‍ ഉത്പാദനത്തിനുള്ള ടിഷ്യൂസിന്റെ എന്‍സൈമനെയാണ് ഇത് ബാധിക്കുന്നത്. ടിഷ്യൂസിന് ഓക്‌സിജന്‍ ലഭിക്കുന്നതില്‍ നിന്ന് ഇത് തടയും. ശ്വാസം മുട്ടി മരിക്കുന്ന പോലെയാകും ഇവ ഉപയോഗിച്ചാല്‍ അനുഭവപ്പെടുകയെന്നും വിദഗ്ധര്‍ പറയുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം