പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് പൗരത്വം, മതേതരത്വം, ഫെഡറലിസം,ദേശീയത തുടങ്ങിയ പ്രധാന പാഠഭാഗങ്ങള്‍ക്ക് കത്രിക വെച്ച് സിബിഎസ്ഇ. ഇതിനുപുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ എന്തുകൊണ്ട് ആവശ്യമാണ്, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വളര്‍ച്ച തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ ഏറെ നഷ്ടപ്പെട്ടതിനാല്‍ സിലബസ് 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സിബിഎസ് ഇയോട് നിര്‍ദേശിച്ചതിന്റെ മറവിലാണ് വികലമായ നടപടി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസിലാണ് മാറ്റം വരുത്തിയത്. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ സിലബസ് കുറയ്ക്കുന്ന കാര്യം ട്വീറ്റ് ചെയ്തിരുന്നു. 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി ഇന്‍ ദി കണ്ടംപററി വേള്‍ഡ്, പ്രകൃതിയും വിഭവങ്ങളും, സമൂഹ്യ മുന്നേറ്റങ്ങള്‍, പ്രാദേശിക അഭിലാഷങ്ങള്‍ എന്നീ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.വേണ്ടെന്നാണ്
സമാനമായി രാജ്യ സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍, ആസൂത്രണ കമ്മീഷനുകളും പഞ്ചവത്സര പദ്ധതികളും, എന്നിവ പ്രതിപാദിക്കുന്നതും നീക്കി. ഇന്ത്യയുടെ വിദേശ നയം എന്ന പാഠത്തില്‍ നിന്ന് അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം എന്ന ഭാഗം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. ഒന്‍പതാം ക്ലാസുകാര്‍ക്കുള്ള, ജനാധിപത്യ അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയും എന്ന പാഠഭാഗവും വേണ്ടെന്നാണ് നിര്‍ദേശം. സാമ്പത്തികശാസ്ത്രത്തില്‍ നിന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെന്ന ഭാഗം ഒഴിവാക്കി. പത്താം ക്ലാസിലെ സിലബസില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്നീ വിവരണഭാഗവും പഠിപ്പിക്കില്ല. ഒഴിവാക്കിയെങ്കിലും അവ വിദ്യാര്‍ത്ഥികളോട് വിശദീകരിക്കണമെന്ന് സിബിഎസ്ഇ, സ്‌കൂളുകളോട് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഇന്റേണലിന്റേയോ പരീക്ഷകളുടെയോ ഭാഗമായിരിക്കുകയില്ലെന്നും വിശദീകരിക്കുന്നു. അതായത് പരീക്ഷയ്ക്ക് അവയില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വരുന്നതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആ പാഠഭാഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്ഥിതിയാണുണ്ടാവുക. ഇങ്ങനെ വരുമ്പോള്‍ രാജ്യത്തെ സംബന്ധിച്ച സുപ്രധാന കാര്യങ്ങളാണ് പഠിക്കാതെ പോവുന്നത്. പ്രത്യേകിച്ച് പൗരത്വ പ്രശ്‌നവും മതേതരത്വം നേരിടുന്ന വെല്ലുവിളിയുമെല്ലാം രാജ്യം സജീവമായി ചര്‍ച്ച ചെയ്യുന്ന കാലത്ത്. നേരത്തേ സിഐഎസ്‌സിഇയും 10,12 ക്ലാസുകളിലെ കുട്ടികളുടെ 25 ശതമാനം പാഠഭാഗങ്ങള്‍ കുറച്ചിരുന്നു.