തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനം ഭയന്ന് ഫെബ്രുവരിയില്‍ നടന്ന മന്ത്രിയുടെ മകന്റെ വിവാഹത്തില്‍ കസേര ഡമ്മിയായി പങ്കെടുക്കേണ്ടി വന്നെന്ന് വിദ്യാര്‍ത്ഥി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും എഐഎസ്എഫ് പ്രവര്‍ത്തകനുമായ റെനിന്‍ സന്തോഷാണ് മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഭീഷണിപ്പെടുത്തി ക്ലാസ് കട്ട് ചെയ്യിച്ച് ആണ്‍കുട്ടികളായ മുപ്പത് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയെന്നും വിഐപികള്‍ക്ക് കസേരപിടിച്ചുകൊടുക്കാനായിരുന്നു അതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഓരോ വിഐപികളും വരുമ്പോള്‍ എഴുന്നേറ്റ് മാറണം. തൊട്ടടുത്ത റോയിലും അങ്ങനെ ചെയ്യണം. രാവിലെ തൊട്ട് വൈകുന്നേരം മൂന്ന് മണി വരെ അവിടെ നിന്നു. പോയില്ലെങ്കില്‍ അടി കിട്ടും.റെനിന്‍ സന്തോഷ്
അവരുടെ (എസ്എഫ്‌ഐ) കൈയില്‍ ആര്‍എസ്എസുകാരുടെ കൈയിലേതുപോലുള്ള വടിയുണ്ട്. വന്നില്ലെങ്കില്‍ ഓണ്‍ ദ സ്‌പോട്ട് അടി കിട്ടും. സുഹൃത്തുക്കള്‍ക്ക് അടി കിട്ടിയിട്ടുണ്ട്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ റൗണ്ട്‌സിന് ഇറങ്ങുന്നവരാണ്. 33 അംഗങ്ങളുള്ള യൂണിറ്റാണ് എസ്എഫ്‌ഐയ്ക്കുള്ളത്. ഇവരാണ് റൗണ്ട്‌സ് നടത്തുന്നത്. അവര്‍ ക്ലാസില്‍ കയറാറില്ലെന്നും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റേയും ഭാര്യ പി കെ ജമീലയുടേയും മകനായ നവീന്റെ വിവാഹം ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയിരുന്നു. സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെ താഴത്തെ നിലയിലെ ഹാളിലായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിനി നമിതാ വേണുഗോപാലാണ് പാരീസില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ഡെവലപ്പറായ നവീനെ വിവാഹം ചെയ്തത്.
കുറേ വിദ്യാര്‍ത്ഥികളെ മന്ത്രിയുടെ മകന്റെ കല്യാണത്തിന് കൊണ്ടുപോയെന്ന് മുന്‍പ് എസ്എഫ്‌ഐക്കെതിരെ ആരോപണമുന്നയിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി നിഖിലയും പറഞ്ഞു.. ഫെബ്രുവരിയായിലായിരുന്നു വിവാഹം. ആണ്‍കുട്ടികളെ മാത്രമാണ് കൊണ്ടുപോയത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയ്ക്ക് വിദ്യാര്‍ത്ഥികള്‍ ആളെ കൂട്ടാനുള്ള ഒരു ഉപാധി മാത്രമാണ്. ഒരിക്കല്‍ വിദ്യാര്‍ത്ഥിനികളോട് ചുവന്ന ഡ്രസ് ധരിച്ച് വരാന്‍ ആവശ്യപ്പെട്ടു. കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുപ്പിച്ചു. എന്തിനാണ് എന്നൊന്നും അറിയില്ലായിരുന്നു. വെള്ളം പോലും കിട്ടാതെ തലകറങ്ങി വീണു. 'സ്റ്റുഡന്റ്‌സ് ഫ്രീഡം പരേഡ്' എന്ന പരിപാടിയ്ക്കാണ് കൊണ്ടുപോയതെന്നും നിഖില കൂട്ടിച്ചേര്‍ത്തു.