എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട കെ.പി.എ മജീദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹിലിയ. ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന പോസ്റ്റിലാണ് തെഹിലിയ പ്രതികരിച്ചത്. ഇന്‍ഷാ അള്ളാ എന്നായിരുന്നു ഫാത്തിമ തെഹിലിയയുടെ കമന്റ്.
'നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടത്. നേതാക്കളും പ്രവര്‍ത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങള്‍ നാം സ്വന്തമാക്കിയത്. ഈ ആദര്‍ശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്നേഹവും ബഹുമാനവും നിലനിര്‍ത്തി നമുക്ക് മുന്നേറാം',ന്ന കെ.പി.എ മജീദിന്റെ പോസ്റ്റിലാണ് തഹിലിയയുടെ പ്രതികരണം.
എം.എസ്.എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിതയിലെ പെണ്‍കുട്ടികളുടെ പരാതിയ്ക്ക് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ഫാത്തിമ തെഹ്ലിയക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയാണ് നടപടിയെടുത്തത്.
ഹരിത പ്രശ്നത്തില്‍ ഫാത്തിമ തെഹ്ലിയ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഹരിതയുടെ മുന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഫാത്തിമ തെഹിലിയയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍.
മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്നും ഫാത്തിമ തെഹിലിയ പറഞ്ഞിരുന്നു. എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതികൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. മെന്റല്‍ ട്രോമയിലൂടെയാണ് താനടക്കം കടന്നു പോകുന്നതെന്നായിരുന്നു ഫാത്തിമ തെഹ്ലിയ പറഞ്ഞത്.
ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുമുണ്ട്. വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണെന്നും ഫാത്തിമ തെഹിലിയ പറഞ്ഞിരുന്നു. ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഫാത്തിമ തഹിലിയയെ പുറത്താക്കിയത്.
ജൂണ്‍ 22ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ലൈംഗികമായി അധിക്ഷേപിച്ച പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചെങ്കിലും ഹരിത വഴങ്ങിയില്ല.