ഫാസിസം എന്നത് ഒരു മനോനിലയാണെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഫാസിസം കാണാനാകുമെന്നും തഹ്‌ലിയ പറഞ്ഞു.
എം.എന്‍ വിജയന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഫാസിസ്റ്റ് കാലത്തെ ജനാധിപത്യത്തിന്റെ പെണ്‍ വഴികള്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു തഹ്‌ലിയ. ജനാധിപത്യ വിസ്മയം കൊണ്ടു വേണം ഫാസിസം നേരിടാനെന്നും സ്ത്രീയുടെ ഇടം എന്നത് അവള്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് ഉണ്ടാകുന്നതെന്നും തഹിലിയ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് എത്രമാത്രം ഉണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യം എന്നു പറയുന്നത് പരസ്പരം മനസിലാക്കല്‍ കൂടിയാണെന്നും ഫാത്തിമ പറഞ്ഞു.
കുടുംബം, തൊഴില്‍, സംഘടനകള്‍ എന്നിവടങ്ങളിലെല്ലാം ഫാസിസത്തിന്റെ ഫ്രതിഫലനം ഉണ്ട്. അപ്പോഴും വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കാന്‍ പഠിക്കണം എന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
ഹരിതയിലെ വനിതാ നേതാക്കള്‍ക്കെതിരെ എം.എസ്.എഫ് നേതാവ് പി.കെ നവാസ് അടക്കമുള്ളവര്‍ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് ഫാത്തിമ തഹ്‌ലിയക്കെതിരെ നേതൃത്വം നടപടിയെടുത്തത്.
മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതികൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. മെന്റല്‍ ട്രോമയിലൂടെയാണ് താനടക്കം കടന്നു പോകുന്നതെന്നായിരുന്നു ഫാത്തിമ തെഹ്ലിയ പറഞ്ഞത്.
ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുമുണ്ട്. വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു. ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ പുറത്താക്കുന്നത്.