സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഓടയില്‍ നിന്ന്, ചട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം, കടല്‍പാലം, അച്ഛനും ബാപ്പയും, യക്ഷി തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു കെ.എസ് സേതുമാധവന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സംവിധാനം ചെയ്തിട്ടുണ്ട്.
സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009ല്‍ കെ.എസ് സേതുമാധവന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. ദേശീയ സിനിമാ പുരസ്‌കാരവും സംസ്ഥാന സിനിമാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1931ല്‍ പാലക്കാടാണ് ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി. സംവിധായകന്‍ കെ രാംനാഥിനെ അസിസ്റ്റ് ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
സിംഹളഭാഷയിലൊരുക്കിയ വീരവിജയ ആണ് ആദ്യം സംവിധാനം ചെയ്ത സിനിമ. ജ്ഞാന സുന്ദരിയാണ് മലയാളത്തില്‍ കെ.എസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.
അച്ഛനും ബാപ്പയും എന്ന ചിത്രത്തിന് കെ.എസ് സേതുമാധവന് മികച്ച സിനിമക്കുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം ലഭിച്ചു.