അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന് വ്യാജപ്രചരണം. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വടക്കന്‍ കേരളത്തിലുള്‍പ്പടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കാറ്റില്‍ മരം വീണ് പലയിടത്തും വൈദ്യുതി മുടങ്ങിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ഒരു വിഭാഗം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
#ഫ്യൂസൂരിവിജയന്‍ എന്ന ഹാഷ്ടാഗിലാണ് പ്രചരണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എംഎം മണിയും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പ്രചരണം നടക്കുന്നത്. രാമക്ഷേത്രപൂജ ടിവിയില്‍ കാണാതിരിക്കാന്‍ മനപൂര്‍വ്വം വൈദ്യുതി വിച്ഛേദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സന്ദീപ് ജി വാര്യരും വ്യാജപ്രചരണവുമായി രംഗത്തെത്തി. 'ഒരു മാതിരി മറ്റേപ്പണി കാണിക്കരുത് മണിയാശാനേ', എന്നായിരുന്നു സന്ദീപ് ജി വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
രാമക്ഷേത്ര പൂജ നടക്കുന്ന ബുധനാഴ്ച കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. ഇതിനെതിരെ കെഎസ്ഇബി രംഗത്തെത്തുകയും, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചുള്ള വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നത്.