Around us

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

ഈ മാസം അവസാനത്തോടെ ഭൂമിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഒരു ഛിന്നഗ്രഹം നമ്മുടെ രണ്ടാം ചന്ദ്രനായി മാറുമോ? സയന്‍സ് ജേണലുകളിലും മറ്റു മാധ്യമങ്ങളിലും ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 29ന് ഭൂമിക്ക് അരികിലെത്തുന്ന 2024 പിടി5 എന്ന ആസ്റ്ററോയ്ഡാണ് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, അടുത്ത കാലത്തായി കുറേയേറെ ആസ്റ്ററോയ്ഡുകള്‍ ഭൂമിയുടെ തൊട്ടരികിലൂടെ കടന്നുപോയി. 2024 ഒഎന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ആസ്റ്ററോയ്ഡ് 40,233 കിലോമീറ്റര്‍ വേഗതയില്‍ നമുക്ക് അരികിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനും ഭൂമിക്കുമിടയിലെ ദൂരത്തിന്റെ രണ്ടര ഇരട്ടി അകലത്തിലൂടെയാണ് ഇതിന്റെ സഞ്ചാരം. അതുകൊണ്ടുതന്നെ ഭൂമിക്ക് ഇപ്പോള്‍ വെല്ലുവിളിയാകുന്നില്ല. എന്നാല്‍ പിടി 5 അങ്ങനെയല്ല. 33 അടി മാത്രമേ വലിപ്പമുള്ളുവെങ്കിലും ഭൂമിയില്‍ നിന്ന് അധികം അകലെയല്ലാതെയാണ് ഇവന്‍ വരുന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം ഈ ഛിന്നഗ്രഹത്തെ പിടിച്ചു വലിച്ച് കുറച്ചു ദിവസം സ്വന്തം ഭ്രമണപഥത്തില്‍ നിര്‍ത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ഒരു ബഹിരാകാശ സംഭവമെന്ന നിലയില്‍ ശാസ്ത്രലോകത്തിന്റെയും സാധാരണക്കാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട് ഈ ഛിന്നഹ്രം.

2024 പിടി 5ന് സംഭവിക്കുന്നതെന്ത്?

ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിലെത്തുന്ന ആസ്റ്ററോയ്ഡുകള്‍ വലിയ വേഗതയില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയും വായു ഘര്‍ഷണത്തില്‍ കത്തിയെരിഞ്ഞ് ഇല്ലാതാകുകയുമാണ് പതിവ്. ചില ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഗ്രാവിറ്റിയുടെ പിടി വിടുവിച്ച് സ്വന്തം പാതയില്‍ യാത്ര തുടരും. അവയുടെ വേഗത തന്നെയാണ് ഇങ്ങനെ രക്ഷപ്പെടാന്‍ സഹായിക്കുന്ന ഘടകം. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ വലയത്തില്‍ പെട്ടാല്‍ ചിന്നഗ്രഹങ്ങള്‍ അവയുടെ സഞ്ചാര പഥത്തില്‍ നിന്ന് മാറി ഭൂമിയെ ചുറ്റാന്‍ തുടങ്ങും. അവയെ മിനി മൂണ്‍ എന്നാണ് വിളിക്കുക. 2024 പിടി 5നും ഇത് തന്നെയാണ് വിധി. പക്ഷേ, സമീപത്ത് എത്തുന്ന ഈ 33 അടിക്കാരനെ വലിച്ചെടുത്ത് ഭൂമി ഭ്രമണപഥത്തിലാക്കുമെങ്കിലും ഭൂമിയെ പൂര്‍ണ്ണമായി ഭ്രമണം ചെയ്യാന്‍ ഇതിന് സാധിക്കില്ല. വരുന്ന പാതയില്‍ ഒരു കുതിര ലാടത്തിന്റെ ആകൃതിയില്‍ ഭൂമിയെ ഭാഗികമായി വലം വെച്ച ശേഷം സൂര്യനെ ചുറ്റുന്ന പാതയിലേക്ക് ഈ ഛിന്നഗ്രഹം തിരികെ പോകും. അതുകൊണ്ടാണ് താല്‍ക്കാലികമായി ഭൂമിക്ക് ഒരു മിനി മൂണിനെ കിട്ടുമെന്ന് പറയുന്നത്. സെപ്റ്റംബര്‍ 29ന് ഭൂമിയുടെ ആകര്‍ഷണത്തില്‍ പെടുന്ന ഇവന്‍ നവംബര്‍ 25ന് ആ പിടിയില്‍ നിന്ന് മോചിതനായി മടങ്ങും. ഭൂമി ഇങ്ങനെ ആസ്റ്ററോയ്ഡുകളെ പിടിച്ചു നിര്‍ത്തുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് സംഭവിക്കാറുള്ളത്. മിനി മൂണ്‍ എന്നൊക്കെ വിളിക്കുമെങ്കിലും പിടി 5നെ നമുക്ക് കാണണമെങ്കില്‍ ടെലസ്‌കോപ്പിന്റെ സഹായം വേണ്ടിവരും.

2024 പിടി 5 ഭൂമിക്ക് ദോഷമാകുമോ?

ഓഗസ്റ്റ് 7നാണ് പിടി 5 ഭൂമിക്ക് സമീപത്തേക്ക് പാഞ്ഞടുക്കുന്നത് നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍ ഇംപാക്ട് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം (അറ്റ്‌ലസ്) കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. ചന്ദ്രനില്‍ മുന്‍പ് സംഭവിച്ച ഏതെങ്കിലും കൂട്ടിയിടിയില്‍ തെറിച്ചു പോയ കഷണമായിരിക്കാം ഇതെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ കോഡാസ് പറയുന്നത്. ഭൂമി തഴുകി വിട്ടാലും ഈ കുഞ്ഞന്‍ ഛിന്നഗ്രഹം തല്‍ക്കാലം ഭൂമിക്ക് കുഴപ്പമൊന്നും ഉണ്ടാക്കാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍.

2024 പിടി 5 ഉപകാരിയാകുമോ?

തല്‍ക്കാലം ഈ കുഞ്ഞന്‍ പാറ ഭൂമിക്ക് കുഴപ്പമൊന്നും സൃഷ്ടിക്കില്ലെന്ന മാത്രമല്ല, ശാസ്ത്രലോകത്തിന് ഉപകാരമാകാനും ഇടയുണ്ട്. ഭൂമിക്ക് സമീപത്തായി നിരന്തരം എത്തുന്ന ബഹിരാകാശ പാറകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും പ്രധാനം. ഭൂമിക്ക് ദോഷമാകാന്‍ സാധ്യതയുള്ളവയെ എങ്ങനെ പ്രതിരോധിക്കാമെന്ന വിഷയത്തില്‍ നടക്കുന്ന പഠനങ്ങളിലും ഇവയെ ഉപയോഗപ്പെടുത്താം. മൂല്യമേറിയ ധാതുക്കളാലും ലോഹങ്ങളാലും സമ്പന്നമാണ് മിക്ക ഛിന്നഗ്രഹങ്ങളും. ഭൂമിയുടെ ആകര്‍ഷണത്തില്‍ അവ അകപ്പെട്ടാല്‍ ഈ ലോഹങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന സൗകര്യം കൂടിയുണ്ട്.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT