സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്‍തുണയുമായി മുന്‍ ഭാര്യ കല്‍കി കേക്‌ല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടിയും എഴുത്തുകാരിയുമായ കല്‍കി നിലപാട് വ്യക്തമാക്കിയത്.
കല്‍കിയുടെ കുറിപ്പ്
ഇപ്പോഴത്തെയീ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളെ ബാധിക്കാതെ നോക്കുക. തിരക്കഥകളിലും, ജോലിയിടത്തും, സ്വകാര്യ ജീവിതത്തിലുമെല്ലാം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി നിങ്ങള്‍ പോരാടിയിട്ടുണ്ട്. ഞാനതിന് സാക്ഷിയാണ്. തൊഴിലിടത്തിലും സ്വകാര്യ ജീവിതത്തിലും നിങ്ങള്‍ തുല്യതയോടെയാണ് എന്നെ പരിഗണിച്ചത്. പിരിഞ്ഞതിന് ശേഷവും നിങ്ങള്‍ എന്റെ പൂര്‍ണതയ്ക്കായി നിലകൊണ്ടിട്ടുമുണ്ട്. തൊഴിലിടത്തില്‍ എനിക്ക് അരക്ഷിതബോധമുണ്ടായപ്പോള്‍, ഒന്നാകുന്നതിന് മുന്‍പ് തന്നെ എന്നെ പിന്‍തുണച്ചയാളുമാണ് താങ്കള്‍. പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ, അസഭ്യം പറയുന്നതും തെറ്റായ വാദങ്ങള്‍ ഉന്നയിക്കുന്നതും അപകടകരവും അസഹ്യവുമാണ്. അത് കുടുംബങ്ങളെ നശിപ്പിക്കുന്നു. സുഹൃത്തുക്കളെയും രാജ്യങ്ങളെയും ഭിന്നിപ്പിക്കുന്നു. ചോരകൊണ്ടുള്ള ഈ ആറാട്ടിന് മുകളിലായി അന്തസ്സിന്റേതായ ഒരിടമുണ്ട്. ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ക്ക് ചെവിയോര്‍ക്കുന്ന, ദയയോടെ പ്രവര്‍ത്തിക്കുന്നതായ തലം. ആ ഇടം നിങ്ങള്‍ക്ക് നന്നായറിയാവുന്നതുമാണ്. ആ അന്തസ്സില്‍ തുടരുക, ശക്തമായി തുടരുക, ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തനനങ്ങളുമായി മുന്നോട്ടുപോവുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നടി പായല്‍ ഘോഷിന്റെ ലൈംഗികാരോപണം കള്ളവും, വിദ്വേഷപരവും, വസ്തുതാവിരുദ്ധവും കെട്ടുകഥയുമാണെന്ന് അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു. മീ ടൂ മൂവ്‌മെന്റിന് തുരംഗം വെയ്ക്കുന്ന തരത്തിലാണ് നടിയുടെ ആരോപണങ്ങള്‍. മീടൂ എന്ന പേരില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് മീടൂവെന്ന സാമൂഹ്യ മുന്നേറ്റത്തെ അട്ടിമറിക്കുകയാണ് ചെയ്യുക. ഇത്തരം നീക്കങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ വ്യക്തികളുടെ വേദനയെയും അവര്‍ നേരിട്ട ആഘാതത്തെയും വിലകുറച്ചുകാട്ടുന്നതുമാണ്. തന്നെ നിശ്ശബ്ദനാക്കാനുളള ശ്രമങ്ങള്‍ ഏറെക്കാലമായി തുടരുകയാണെന്നും അതിനായി പലരെയും വലിച്ചിഴയ്ക്കുകയാണെന്നും കശ്യപ് നേരത്തേ വ്യക്തമാക്കിയിരുന്നു.നടി പായല്‍ ഘോഷ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ല്‍ ആയിരുന്നു സംഭവമെന്നും ഇപ്പോള്‍ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. എന്നാല്‍ തപ്‌സീ പന്നു, രാധിക ആപ്‌തേ തുടങ്ങിയവര്‍ അദ്ദേഹത്തിന് പിന്‍തുണയുമായി എത്തുകയും ചെയ്തു.