സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നുവെന്ന വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിഗണാ വിഷയങ്ങള്‍ വിശദീകരിച്ച് വിഞ്ജാപനം പുറത്തിറങ്ങി. റിട്ടയേഡ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായാണ് അന്വേഷണ കമ്മിഷന്‍. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
ദ ക്യു പുറത്തുവിട്ട സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നായിരുന്നു ശബ്ദരേഖയുടെ ഉള്ളടക്കം. മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കാന്‍ ശ്രമമമുണ്ടായെന്ന ശബ്ദ ശകലത്തിലെ വസ്തുത അന്വേഷിക്കണമെന്നാണ് വിഞ്ജാപനത്തിലുള്ളത്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും സ്പീക്കറെയും ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന സ്വര്‍ണ്ണടക്കത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്തും അന്വേഷണ പരിധിയിലുണ്ട്. ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാല്‍ ഗൂഢാലോചനക്ക് പിന്നിലുള്ള വ്യക്തികളെ കണ്ടെത്തണം.
സംസ്ഥാനത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും തുടര്‍ച്ചയായി ആരോപിച്ചിരുന്നു. ഇ.ഡിയും കസ്റ്റംസും അന്വേഷണം സര്‍ക്കാരിനെതിരായി വഴി തിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.