ഏപ്രില്‍ 27 : ശനിയാഴ്ച : രാവിലെ
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
കാസര്‍കോട് മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയില്‍പ്പെട്ട ബൂത്തുകളില്‍ നിന്നുള്ള കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പിലാത്തറ എയുപി സ്‌കൂളില്‍ 774 ാം നമ്പര്‍ വോട്ടറായ പത്മിനി രണ്ട് തവണ വോട്ട് ചെയ്യുന്നു. ആദ്യം വോട്ട് ചെയ്തശേഷം വിരലിലെ മഷി തലയിലും സാരിത്തുമ്പിലും തേച്ച് മായ്ച്ച ശേഷമാണ് രണ്ടാമതും വോട്ട്് രേഖപ്പെടുത്തിയത്. ചെറുതാഴം പഞ്ചായത്ത് അംഗം എംപി സെലീനയും കള്ളവോട്ട് ചെയ്യുന്നു. 17 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ ആയ സെലീന 19 ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്.
സെലീനയ്ക്ക് സിപിഎം ബൂത്ത് ഏജന്റ് തിരിച്ചറിയല്‍ കാര്‍ഡ് കൈമാറുന്നതും വോട്ട് ചെയ്തശേഷം അവര്‍ അത് മടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 24 ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്തംഗം സുമയ്യ 19 ാം ബൂത്തില്‍ വോട്ടുചെയ്യുന്നു. സിപിഎം പ്രാദേശിക നേതാക്കളെ ബൂത്തിനുള്ളില്‍ കാണാം. പ്രിസൈഡിംഗ് ഓഫീസറുടെ സമീപമാണ് ഇയാള്‍ നില്‍ക്കുന്നത്. തൃക്കരിപ്പൂരിലെ 48 ാം ബൂത്തിലും പയ്യന്നൂരിലെ 136 ാം ബൂത്തിലും കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. കാസര്‍കോട് മണ്ഡലത്തിലെ 90 ശതമാനം പോളിങ് നടന്ന ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 27 : ശനിയാഴ്ച : വൈകുന്നേരം
സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ വിശദീകരണം
സെലീന 19 ാം നമ്പര്‍ ബൂത്തിലെ 29 ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്യുകയായിരുന്നു. 24 ാം നമ്പര്‍ ബൂത്തിലെ വോട്ടറായ കെപി സുമയ്യ 19 ാം നമ്പര്‍ ബൂത്തിലെ 301 ാം നമ്പര്‍ വോട്ടറായ,സി ശാന്ത ആവശ്യപ്പെട്ട പ്രകാരം ഓപ്പണ്‍ വോട്ട് ചെയ്യുകയായിരുന്നു. ഒരേ കെട്ടിടത്തിലാണ് 2 ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്. കള്ളവോട്ടല്ല ഓപ്പണ്‍വോട്ടാണ് ചെയ്തത്. ദൃശ്യങ്ങളില്‍ കൃത്രിമത്വം വരുത്തി പ്രചരിപ്പിക്കുകയാണ്.
ഏപ്രില്‍ 29 : തിങ്കളാഴ്ച : രാവിലെ
കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ്
കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിലെ 171 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ്. സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളമുണ്ടാക്കി കള്ളവോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. വിദേശത്തുള്ളവരുടെയടക്കം 25 കള്ളവോട്ടുകള്‍ ചെയ്‌തെന്ന് കോണ്‍ഗ്രസ് പോളിംഗ് എജന്റ് പറയുന്നു. ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
ഏപ്രില്‍ 29 : തിങ്കളാഴ്ച : വൈകുന്നേരം
കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ
പിലാത്തറ യുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ മൂന്നുപേര്‍ കള്ളവോട്ട് ചെയ്‌തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. പഞ്ചായത്തംഗം സെലീന,സുമയ്യ, പത്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദം ഇതോടെ പൊളിഞ്ഞു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി.നിലവില്‍ പഞ്ചായത്തംഗമായ സെലീന സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ടിക്കാറാം മീണ പറഞ്ഞു. രാവിലെ 11 മണിക്കുശേഷം യുഡിഎഫിന്റെ പോളിങ് ഏജന്റ് ബൂത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ഏപ്രില്‍ 29 : തിങ്കളാഴ്ച : വൈകുന്നേരം
ലീഗിന്റെ കള്ളവോട്ട് തുറന്നുകാട്ടി എല്‍ഡിഎഫ്
കല്യാശ്ശേരിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാടായിയിലെ 69,70 ബൂത്തുകളിലാണ് കൃത്രിമം അരങ്ങേറിയത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70 ാം നമ്പര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69 ആം ബൂത്തിലും രണ്ടുതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് എല്‍ഡിഎഫ് പുറത്തുവിട്ടത്. 69 ാം ബൂത്തിലെ 387 ാം നമ്പര്‍ വോട്ടറാണ് മുഹമ്മദ് ഫായിസ്, അതേ ബൂത്തിലെ 76 ാം നമ്പര്‍ വോട്ടറാണ് ആഷിഖ്. പ്രാദേശിക നേതാവ് സൈനു നല്‍കിയ സ്ലിപ്പുമായാണ് ഫായിസ് വോട്ട് ചെയ്യാനെത്തിയത്. കള്ളവോട്ട് ചോദ്യം ചെയ്ത എല്‍ഡിഎഫ് ഏജന്റുമാരെ ഇവരുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഏപ്രില്‍ 30 : ചൊവ്വാഴ്ച : ഉച്ച
ടിക്കാറാം മീണയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍
പിലാത്തറയില്‍ കള്ളവോട്ട് നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫോം 18 അനുസരിച്ച് ചെയ്യുന്ന സഹായവോട്ടാണ് നിര്‍വ്വഹിക്കപ്പെട്ടത്. യുഡിഎഫ് തന്ത്രത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
ഏപ്രില്‍ 30 : ചൊവ്വാഴ്ച : വൈകുന്നേരം
കോടിയേരിക്ക് മീണയുടെ മറുപടി
കള്ളവോട്ടില്‍ നടപടി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.വസ്തുത പരിശോധിച്ചാണ് നടപടിയെന്നും പക്ഷപാതമില്ലാതെയാണ് പ്രവര്‍ത്തനമെന്നും ടിക്കാറാം മീണ പറഞ്ഞു.
തെക്കന്‍ കേരളത്തിലും കള്ളവോട്ട് ആരോപണം
ആലപ്പുഴ മണ്ഡലത്തില്‍ സിപിഐ നേതാവും കായംകുളം നഗരസഭാ കൗണ്‍സിലറുമായ ജലീല്‍ എസ് പെരുമ്പളത്ത് ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പര്‍ ബൂത്തില്‍ 800 ാം ക്രമനമ്പരിലും കൊയ്പ്പള്ളി കാരാഴ്മ സ്‌കൂളിലെ 82 ാം നമ്പര്‍ ബൂത്തില്‍ 636 ാം ക്രമനമ്പരിലും വോട്ട് ചെയ്‌തെന്ന് യുഡിഎഫും ബിജെപിയും പരാതി നല്‍കി
മാവേലിക്കര മണ്ഡലത്തിലെ കുറത്തിക്കാട് സെന്റ് ജോണ്‍സ് സ്‌കൂളില്‍ 77ാം നമ്പര്‍ ബൂത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കള്ളവോട്ട് ചെയ്‌തെന്നാണ് യുഡിഎഫിന്റെ ആരോപണം. സിപിഎം പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകളുടെ വോട്ട് ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലകളിലെ ചിലര്‍ ഇരട്ടവോട്ട് ചെയ്തതായും ആരോപണമുണ്ട്. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 18നും കേരളത്തില്‍ 23നും ആയിരുന്നു തെരഞ്ഞെടുപ്പ്. രണ്ടിടത്തും ചിലര്‍ വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.
കള്ളവോട്ടില്‍ നിയമനടപടികള്‍ ഇങ്ങനെ
വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. റീ പോളിങ് വേണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും വീഴ്ച വരുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ഐപിസി 171 സി,ഡി,എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കും, പഞ്ചായത്തംഗമായ സെലീനയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ ചെയ്തു. ഇവരടക്കം മൂന്ന് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കും. കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും.