പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എംവി ജയരാജനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. സ്ഥാനാര്‍ത്ഥിയാക്കിയതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജയരാജനെ മാറ്റി പാര്‍ട്ടിയില്‍ അദ്ദേഹത്തെ ദുര്‍ബലപ്പെടുത്താനുള്ള നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കം വിജയിച്ചെന്നായിരുന്നു ആരോപണം.
കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെട്ട വടകര മണ്ഡലത്തില്‍ എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 3306 വോട്ടുകള്‍ക്ക് മാത്രം ജയിച്ച സ്ഥാനത്താണ് ഇത്തവണ വാശിയേറിയ പോരാട്ടം നടന്നിട്ടും എല്‍ഡിഎഫ് ബഹുദൂരം പിന്നിലായി.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ജില്ലയില്‍ അണികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവുമാണ്. കണ്ണൂരിലെ ശക്തനായ നേതാക്കളിലൊരാളായ ജയരാജന്റെ തോല്‍വി ഞെട്ടേലോടെയാണ് സിപിഐഎം കാണുന്നത്. വോട്ടെണ്ണലില്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണ് കണ്ണൂരിലെ ശക്തനായ ജയരാജന് ലീഡ് നേടാനായത്. പിന്നീട് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ നിയമസഭാ മണ്ഡലങ്ങളില്‍ പോലും ജയരാജന്‍ തിരിച്ചടി നേരിട്ടു.
പേരാമ്പ്ര, വടകര,കുറ്റ്യാടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ തുടക്കം മുതല്‍ക്കെ തന്നെ മുരളീധരന് അനുകൂലമായിരുന്നു. നാദാപുരം,കൂത്തുപറമ്പ് മണ്ഡലങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു. ആകെ തലശേരിയില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. പി ജയരാജന് ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള കൂത്തുപറമ്പിലും തലശേരിയിലും വിചാരിച്ചത്ര വോട്ടുകള്‍ നേടാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ എത്തിയതോടെയാണ് വടകര ശ്രദ്ധാ കേന്ദ്രമായത്. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം ഏതു തരത്തിലും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാര്‍ട്ടിയുടെ ശക്തനായ നേതാവിനെ തന്നെ സിപിഐഎം കളത്തിലിറക്കിയത്. എന്നാല്‍ നിലവിലെ എംപിയായിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തര്‍ക്കമാവുകയായിരുന്നു. വിദ്യാ ബാലകൃഷ്ണനെ ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് ഫാക്സ് സന്ദേശങ്ങളയയ്ക്കുക പോലും ചെയ്തു.
അവസാനനിമിഷം സ്ഥാനാര്‍ഥിത്വം നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയ കെ മുരളീധരന് ഏറ്റെടുത്തതോടെയായിരുന്നു മണ്ഡലത്തിലെ പോരാട്ടം തീ പാറുന്ന സ്ഥിതിയിലെത്തിയത്. ആര്‍എംപിഐ യുഡിഎഫിനെ പിന്തുണയ്ക്കുന്ന സാഹചര്യം കൂടി എത്തിയതോടെ അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടം എന്ന രീതിയിലും മത്സരം പ്രചരിപ്പിക്കപ്പെട്ടു. വികെ സജീവനായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായെത്തിയത്. ജയരാജനെ അക്രമരാഷ്ട്രീയവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാനുള്ള യുഡിഎഫ് ശ്രമവും വിജയം കണ്ടിരുന്നു.
രണ്ട് കൊലപാതക കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം കൊലപാതക രാഷ്ട്രീയത്തോടുള്ള സിപിഐഎം നിലപാടാണെന്ന തരത്തില്‍ യുഡിഎഫും പ്രചരണം നടത്തി. പി ജയരാജനായി വലിയ തോതിലുള്ള പ്രചരണമായിരുന്നു എല്‍ഡിഎഫ് മണ്ഡലത്തില്‍ നടത്തിയത്. ആര്‍എംപിഐ നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെ കെ രമ ജയരാജനെതിരെ പ്രചരണത്തിനെത്തിയതും ഇവിടെ തിരിച്ചടിയായെന്ന് വേണം കരുതാന്‍. അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടമാണെന്നായിരുന്നു കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിത്വത്തെ വിശേഷിപ്പിച്ചത്. ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
അവസാന റൗണ്ടിലെത്തുമ്പോള്‍ 49 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ നേടിയത്. പി ജയരാജന് നേടാനായത് 41 ശതമാനം വോട്ടുമാത്രവും. ബിജെപി സ്ഥാനാര്‍ഥിയായ വികെ സജീവന്‍ നേടിയത് വെറും ഏഴ് ശതമാനം വോട്ടും. മുരളീധരന് വേണ്ടി ബിജെപി വോട്ടുകള്‍ മറിക്കുമെന്ന ആരോപണവും മണ്ഡലത്തില്‍ ആദ്യം മുതലെയുണ്ട്. കോ ലീ ബി സഖ്യമെന്ന പ്രചരണം തുടക്കം മുതല്‍ സിപിഐഎം ഉയര്‍ത്തിയിരുന്നു. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയ മുരളീധരന്‍ വിജയിച്ചാല്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയുമെന്നും അതിനാല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വിട്ടുവീഴ്ചയുണ്ടെന്നുമായിരുന്നു ആരോപണം.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മുരളീധരനെ പോലെ ശക്തനായ ഒരു സ്ഥാനാര്‍ഥി ഇല്ലാത്ത പക്ഷം ബിജെപി കണക്കുകൂട്ടലുകള്‍ ശരിയാവുകയും ചെയ്തേക്കാം. ഒപ്പം സിപിഐഎമ്മിലെ കരുത്തനായ പി ജയരാജനെ പരാജയപ്പെടുത്തുക എന്നത് പ്രാഥമിക ലക്ഷ്യമായി ബിജെപിയും കണ്ടിട്ടുണ്ടാവാം. കഴിഞ്ഞ തവണ നേടിയ വോട്ടുകളില്‍ കൂടുതല്‍ ഇത്തവണ ബിജെപിക്ക് മണ്ഡലത്തില്‍ നേടാനായില്ലന്നതും സൂചിപ്പിക്കുന്നത് അത്തരമൊരു അടിയൊഴുക്ക് കൂടിയാണ്.
പി ജയരാജനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയിലെ പി. ജയരാജന്റെ സ്വാധീനം അവസാനിപ്പിക്കാനാണെന്ന ആരോപണം പലയിടത്തും നിന്നും ഉയര്‍ന്നിരുന്നു. നേരത്തെ വ്യക്തിആരാധനയ്ക്ക് അവസരമൊരുക്കുന്നുവെന്ന് വിമര്‍ശനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പി ജയരാജനെതിരെ ഉന്നയിച്ചിരുന്നു. സിപിഐഎം ആഭ്യന്തര വകുപ്പ് കൈയ്യാളുമ്പോള്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍ പി ജയരാജന്‍ നടത്തിയ പ്രസംഗവും വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ രണ്ട് വിഷയങ്ങളിലും കണ്ണൂര്‍ ജില്ലാ കമ്മറ്റി പി ജയരാജനോടൊപ്പം ഉറച്ചു നിന്നതോടെ ജയരാജന്റെ സെക്രട്ടറി സ്ഥാനത്തിന് ഇളക്കമുണ്ടായില്ല.
സ്ഥാനാര്‍ത്ഥിയാക്കിയതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജയരാജനെ മാറ്റി പാര്‍ട്ടിയില്‍ അദ്ദേഹത്തെ ദുര്‍ബലപ്പെടുത്താനുള്ള നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കം വിജയിച്ചെന്നായിരുന്നു ആരോപണം. പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എംവി ജയരാജനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കോട്ടയത്ത് ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ സ്ഥാനാര്‍ത്ഥിയാണെങ്കിലും സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നില്ല. താല്‍ക്കാലിക ചുമതല എവി റസലിന് കൈമാറുക മാത്രമാണ് ഉണ്ടായത്. ഇനി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ ജയരാജന് കഴിയുമോ എന്നും ഉറപ്പില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടിയിലെയും കണ്ണൂരിലെയും ജയരാജന്റെ സ്വാധീനം തോല്‍വിയോടെ താല്‍ക്കാലികമായിട്ടെങ്കിലും ഇല്ലാതാകുകയും ചെയ്യും.