ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രചരണം നടത്തി തൃശൂര്‍ പിടിക്കാനിറങ്ങിയ സുരേഷ് ഗോപിക്ക് തിരിച്ചടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നിലയിലേക്കെത്താന്‍ സുരേഷ് ഗോപിയ്ക്കായില്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ എഴുപത്തിയേഴായിരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ബിജെപി.
തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കി മികച്ച വിജയം കൊയ്യാന്‍ കഴിയുമെന്ന് ബിജെപി കരുതിയ മണ്ഡലങ്ങളിലൊന്നായിരുന്നു തൃശൂര്‍. അതുകൊണ്ട് തന്നെ ആദ്യ ഘട്ടം മുതല്‍ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും മണ്ഡലത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കായി സീറ്റ് മാറ്റി വെച്ചെങ്കിലും പിന്നീട് തുഷാര്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട്ടിലേക്ക് പോയതോടെയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി തൃശൂര്‍ സ്ഥാനാര്‍ഥിയാകുന്നത്.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചായിരുന്നു സുരേഷ് ഗോപി പ്രചരണം തുടങ്ങിയത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ പിന്നീട് കളകടര്‍ നടപടിയെടുത്തതും കളക്ടര്‍ക്കു നേരെ ബിജെപി അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഹിന്ദു വോട്ടുകള്‍ സുരേഷ് ഗോപി നേടിയെടുത്തുവെന്ന ടിഎന്‍ പ്രതാപനും മുന്‍പ് പ്രതികരിച്ചിരുന്നു. ഓരോ ഘട്ടത്തിലും പ്രചരണത്തില്‍ വലിയ തോതില്‍ ശ്രദ്ധ നേടാന്‍ സുരേഷ് ഗോപിയ്ക്ക കഴിഞ്ഞിരുന്നു. പല പ്രചരണ രീതികളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കിരയാവുകയും ചെയ്തു.
‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങള്‍ എനിക്ക് തരണം’ എന്നൊക്കെയുള്ള പ്രസംഗവും വലിയ തോതില്‍ കളിയാക്കപ്പെട്ടു. പിന്നീട് പ്രചരണത്തിനായി ബിജു മേനോന്‍ എത്തിയപ്പോഴും വിവാദങ്ങളുണ്ടായിരുന്നു. സുരേഷ് ഗോപി വരുന്നതോടെ തൃശൂരില്‍ വിജയമുറപ്പിച്ച ബിജെപി വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
വോട്ടെണ്ണി തുടങ്ങിയത് മുതല്‍ യുഡിഎഫാണ് ആധിപത്യം. ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസാണ് രണ്ടാം സ്ഥാനത്താണ്.കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ സിഎന്‍ ജയദേവനാണ് ഇവിടെ ജയിച്ചത്. 389209 വോട്ടുകളാണ് അദ്ദേഹം നേടിയത്. ബി.ജെ.പിയുടെ കെ.പി ശ്രീശന്‍ 102681 വോട്ടുകളും നേടിയിരുന്നു.
കേരളത്തിലാകെയും ബിജെപി സമാനമായ അനുഭവമാണ് നേരിടുന്നത്. ശബരിമല വിഷയം സുവര്‍ണ്ണാവസരമാക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലാണ് തെറ്റിയത്. എന്നാല്‍ മറുവശത്ത് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ കേരളമാകെ തൂത്തുവാരാന്‍ കോണ്‍ഗ്രസിന് കഴിയുകയും ചെയ്തു.