ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മക്കള്‍ക്ക് വിട്ട് മാറി നിന്നെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം സഖ്യകാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ വീണ്ടും അമരത്തേക്ക് സോണിയ ഗാന്ധി. ഫലപ്രഖ്യാപന ദിനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഒരുമിപ്പിച്ച് നിര്‍ത്താനാണ് യുപിഎ അധ്യക്ഷയുടെ ശ്രമം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിനം യോഗത്തിനെത്തണമെന്ന് അറിയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് സോണിയ ഗാന്ധി കത്തയച്ചു. ഇപ്പോഴുള്ളതില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനായ ഘടകകക്ഷി തലവനാണ് സ്റ്റാലിന്‍.
ജനദാതള്‍ സെക്കുലറിനും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനും ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ സഖ്യകക്ഷികളായ മായാവതിയുടെ ബിഎസ്പിയ്ക്കും സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവിനും സോണിയ ഗാന്ധി കത്തയച്ചിട്ടുണ്ട്. ഏവരും ഫലപ്രഖ്യാപന ദിനത്തില്‍ ഒന്നിച്ചിരുന്നൊരു തീരുമാനമെടുക്കാനാണ് സോണിയ ഗാന്ധിയുടെ ക്ഷണം.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി നടത്താറുള്ള ചാക്കിട്ടുപിടുത്തവും കുതിരകച്ചവടവും മുന്‍കൂട്ടി കണ്ടാണ് ഫലപ്രഖ്യാപന ദിനം തന്നെ എല്ലാവരേയും ഒന്നിച്ച് ഇരിത്താനുള്ള യുപിഎ അധ്യക്ഷയുടെ നീക്കം.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അടുക്കുമ്പോള്‍ ഒറ്റയ്ക്ക് നിന്ന് ഒന്നും ചെയ്യാനാവില്ലെന്ന് മനസിലാക്കിയാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് കോണ്‍ഗ്രസിന്റെ ഊര്‍ജ്ജിത ശ്രമം. സാധ്യമാകുന്ന എല്ലാവരേയും ഒന്നിപ്പിച്ച് നിര്‍ത്തി മോദിയുടെ ബിജെപിയെ താഴെയിറക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ബിജെപിക്കെതിരെ ഒന്നിച്ച് നിന്ന പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പില്‍ അകല്‍ച്ചയിലായി. കോണ്‍ഗ്രസിനോട് ചൊടിച്ച് നില്‍ക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്വം ഏറ്റെടുത്താണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനായി ചരട് വലിച്ചു തുടങ്ങിയത്.
ശരത് പവാറും ആന്ധ്രപ്രദേശില്‍ നിന്ന് ചന്ദ്രബാബു നായിഡുവും 23ന് സോണിയ ഗാന്ധിയുടെ ആതിഥേയത്വം സ്വീകരിക്കാനെത്തുമെന്ന് ഉറപ്പാക്കിയതായാണ് വിവരം. കോണ്‍ഗ്രസ്- ബിജെപി ഇതര മൂന്നാം മുന്നണിയ്ക്കായി ശ്രമം നടത്തുന്ന കെ ചന്ദ്രശേഖര റാവുവിനെ പോലും ഒപ്പം നിര്‍ത്താന്‍ യുപിഎ അധ്യക്ഷ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഒഡീഷയിലെ ബിജു ജനതാദളിന്റെ നവീന്‍ പട്‌നായിക്കിനേയും യോഗത്തിലേക്ക് സോണിയ ക്ഷണിച്ചിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗ്മോഹന്‍ റെഡ്ഡിയേയും യുപിഎ അധ്യക്ഷ കത്തിലൂടെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ സ്റ്റാലിന്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ്- ബിജെപി ഇതര മൂന്നാം മുന്നണിയ്ക്കായി തന്നെ സമീപിച്ച കെസിആറിന് രാഹുല്‍ ഗാന്ധിയുടെ അനുമതി കിട്ടിയിട്ട് മാത്രം സന്ദര്‍ശന സമയം അനുവദിച്ച സ്റ്റാലിന്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനാണിപ്പോള്‍.
ഗോവയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്ന അവസ്ഥ ഇനിയുണ്ടാവരുതെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിന് മുന്‍നിരയിലുണ്ടായ മമതാ ബാനര്‍ജി യോഗത്തിനെത്തുന്ന കാര്യം സംശയമാണ്. അത് പോലെ തന്നെ പ്രവചനാതീതമാണ് എസ്പിയും ബിഎസ്പിയും. മമതാ ബാനര്‍ജിയും മായാവതിയും ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി കസേരയാണ്.