എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ദളിത് വനിതാ എംപിയായി. 1971ല്‍ അടൂരില്‍ നിന്നു ജയിച്ച സിപിഐ സ്ഥാനാര്‍ഥി ഭാര്‍ഗവി തങ്കപ്പനായിരുന്നു ആദ്യ വനിതാ ദളിത് എംപി.
നിലവിലെ എംപിയായിരുന്ന പികെ ബിജുവിനെ 158968 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രമ്യ ലോക്‌സഭയിലേക്കുള്ള ടിക്കറ്റെടുത്തത്. കേരളത്തില്‍ നിന്ന് ഇത്തവണ ജയിക്കുന്ന ഏക വനിതാ എംപിയും രമ്യയാണ്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പ്രസ്താവനയും ഇടത് ആഭിമുഖ്യമുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് വിമര്‍ശനവുമെല്ലാമാണ് രമ്യയെ പ്രശസ്തയാക്കിയത്. താഴെ തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാനാര്‍ത്ഥിയെന്നത് കൊണ്ടു തന്നെ ‘ആലത്തൂരിന്റെ അനിയത്തിക്കുട്ടി’യെന്ന കാമ്പയിനും ശ്രദ്ധ നേടി.
മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ ആ പെണ്‍കുട്ടിക്ക് പിന്നെന്ത് സംഭവിച്ചുവെന്ന് ഞാന്‍ പറയുന്നില്ലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ വഷളന്‍ പരാമര്‍ശമാണ് സിപിഎമ്മിന് തിരിച്ചടിയായത്.പാട്ടുപാടി വോട്ടുപിടിക്കുന്ന രമ്യയെ പരിഹസിച്ച് രാഷ്ട്രീയം പറയാന്‍ പറഞ്ഞ ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും യുഡിഎഫിന് വീണുകിട്ടിയ ആയുധമായി. 2014ല്‍ 37,312 വോട്ടുകള്‍ക്ക് പികെ ബിജു വിജയിച്ച സീറ്റില്‍ പാട്ടു പാടി മത്സരിക്കാനിറങ്ങിയ രമ്യ പറഞ്ഞത് പോലെ തന്നെ വിജയിച്ചു കയറി.
'പെങ്ങളൂട്ടിക്ക്' വോട്ട് ചോദിച്ച് വിടി ബല്‍റാമും ഷാഫി പറമ്പിലും അടക്കം കോണ്‍ഗ്രസ് യുവനേതാക്കളും പ്രചരണത്തില്‍ കളം നിറഞ്ഞതോടെ രമ്യ പാതി ജയിച്ചു. കേരളത്തില്‍ ഒന്നടങ്കം വീശിയ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആലത്തൂരിലും തുണച്ചതോടെ ഭൂരിപക്ഷം കുതിച്ചു. ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന് കഴിയില്ലെന്നും കോണ്‍ഗ്രസ് വേണമെന്നുമുള്ള അടിസ്ഥാന പ്രചരണവും ആലത്തൂരിലടക്കം അടിയൊഴുക്കിന് കാരണമായി. കോണ്‍ഗ്രസിന്റെ യുവതലമുറയില്‍ നിന്ന് രാഹുല്‍ ഗാന്ധി കണ്ടെത്തിയ രമ്യ ഹരിദാസ് അതേ കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ മല്‍സരിച്ചതിനൊപ്പം മല്‍സരിച്ച് വിജയം കണ്ടു.