Election

മല്‍സരിച്ചു, രാജിവെച്ചു, ഒന്നരലക്ഷം ഭൂരിപക്ഷത്തില്‍ പാട്ടുംപാടി ജയിച്ച് രമ്യ

THE CUE

എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക്. സിറ്റിങ് എംപി പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യയുടെ മുന്നേറ്റം. സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് രാജിവെക്കാതെ മല്‍സരിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് ഫലത്തിനായി രമ്യ കാത്തിരുന്നത്. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്. ഉറച്ച മണ്ഡലമെന്ന് സിപിഎം അവകാശപ്പെട്ട ആലത്തൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പാട്ടുംപാടി മല്‍സരിക്കാനിറങ്ങിയ രമ്യ പറഞ്ഞത് പോലെ വിജയിച്ചു കയറി.

2009ല്‍ ആലത്തൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ 20,960 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി പി കെ ബിജു വിജയിച്ചത്, 2014ല്‍ ഭൂരിപക്ഷം ഉയര്‍ന്ന് 37,312 വോട്ടായി. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാനാര്‍ത്ഥിയെന്ന കോണ്‍ഗ്രസ് തീരുമാനത്തിന് വലിയൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടി. പിന്നീടുണ്ടായ വിവാദങ്ങളും സിപിഎമ്മിന് തിരിച്ചടിയായി.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പ്രസ്താവനയും ഇടത് ആഭിമുഖ്യമുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് വിമര്‍ശനവുമെല്ലാം രമ്യയ്ക്ക് ജനങ്ങള്‍ക്ക് ഇടയില്‍ പിന്തുണ വര്‍ധിപ്പിച്ചു. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ ആ പെണ്‍കുട്ടിക്ക് പിന്നെന്ത് സംഭവിച്ചുവെന്ന് ഞാന്‍ പറയുന്നില്ലെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ വഷളന്‍ പരാമര്‍ശം സിപിഎമ്മിന് പ്രതിരോധിക്കാന്‍ കഴിയുന്നതിലും വലുതായിരുന്നു.

പാട്ടുപാടി വോട്ടുപിടിക്കുന്ന രമ്യയെ പരിഹസിച്ച് രാഷ്ട്രീയം പറയാന്‍ പറഞ്ഞ ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും യുഡിഎഫിന് വീണുകിട്ടിയ ആയുധമായി. വിജയ രാഘവന്റെ പരാമര്‍ശവും സൈബര്‍ സഖാക്കളുടെ ആക്രമണവും രമ്യയ്ക്കായി 'പെങ്ങളൂട്ടി' ഇമേജ് നിര്‍മ്മിതിക്ക് യുഡിഎഫിന് സഹായകമായി.

'പെങ്ങളൂട്ടിക്ക്' വോട്ട് ചോദിച്ച് വിടി ബല്‍റാമും ഷാഫി പറമ്പിലും അടക്കം കോണ്‍ഗ്രസ് യുവനേതാക്കളും പ്രചരണത്തില്‍ കളം നിറഞ്ഞതോടെ രമ്യ പാതി ജയിച്ചു. കേരളത്തില്‍ ഒന്നടങ്കം വീശിയ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആലത്തൂരിലും തുണച്ചതോടെ ഭൂരിപക്ഷം കുതിച്ചു. ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന് കഴിയില്ലെന്നും കോണ്‍ഗ്രസ് വേണമെന്നുമുള്ള അടിസ്ഥാന പ്രചരണവും ആലത്തൂരിലടക്കം അടിയൊഴുക്കിന് കാരണമായി. കോണ്‍ഗ്രസിന്റെ യുവതലമുറയില്‍ നിന്ന് രാഹുല്‍ ഗാന്ധി കണ്ടെത്തിയ രമ്യ ഹരിദാസ് അതേ കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തില്‍ മല്‍സരിച്ചതിനൊപ്പം മല്‍സരിച്ച് വിജയം കണ്ടു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT