2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മാതൃഭൂമി-സീ വോട്ടര്‍ അഭിപ്രായ സര്‍വ്വേ. 75 മുതല്‍ 83 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വ്വേ ഫലം. ജനുവരി 28 മുതൽ മാർച്ച് 19 വരെ 14,913 പേരാണ് സർവേയിൽ പങ്കെടുത്തത്. 44.4 ശതമാനം പേരാണ് എൽ.ഡി.എഫ്. ഭരണം നിലനിർത്തുമെന്ന് അഭിപ്രായപ്പെടുന്നത് . 30.1 ശതമാനം യു.ഡി.എഫ്. അധികാരം നേടുമെന്ന് പറയുന്നു. 11.6 ശതമാനം എൻ.ഡി.എ. വരുമെന്ന് പറയുന്നു. 2.7 ശതമാനം മാത്രമാണ് തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത പറയുന്നത്.
40.9 ശതമാനം വോട്ടുവിഹിതം എൽ.ഡി.എഫും 37.9 ശതമാനം യു.ഡി.എഫും നേടുമെന്നാണ് പറയുന്നത്. ഇരുമുന്നണികൾക്കും 2016-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണിത്. എന്നാൽ, 16.6 ശതമാനം വോട്ടുവിഹിതവുമായി ബി.ജെ.പി. നിലമെച്ചപ്പെടുത്തുമെന്നും സർവേ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ സർവേയിൽ പങ്കെടുത്ത 38.1 ശതമാനവും പിന്തുണച്ചു. 27.4 ശതമാനം ആളുകൾ ഉമ്മൻ ചാണ്ടിയെയും. ശശി തരൂർ (9.1 ശതമാനം), മുല്ലപ്പള്ളി രാമചന്ദ്രൻ (8.1), കെ.കെ. ശൈലജ (4.6), രമേശ് ചെന്നിത്തല (2.9), എ.കെ. ആന്റണി (1.8), ജോസ് കെ. മാണി (0.8) എന്നിവരാണ് പിന്നിലുള്ളത്.
സ്വർണ്ണക്കടത്താണ് വോട്ടിങ്ങിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം . 25.2 ശതമാനം പേരാണ് വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണ്ണക്കടത്താണെന്ന് രേഖപ്പെടുത്തിയത് . ശബരിമല വിവാദം-20.2 ശതമാനം, കൊവിഡ് പ്രതിരോധം-13 ശതമാനം, പ്രളയ ദുരിതാശ്വാസം- 8 ശതമാനം, മോദി ഫാക്ടര്‍- 2.6 ശതമാനം എന്നിങ്ങനെയാണ് മറ്റ് വിവാദങ്ങളോടുള്ള പ്രതികരണം.