സര്‍വേകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് എന്താണ്? മലയാളത്തിലെ മൂന്ന് ചാനല്‍ സര്‍വേകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് അന്വേഷിക്കുകയാണ് ദ ക്യു. കേരളത്തില്‍ മനോരമാ ന്യൂസ് ചാനലാണ് ആദ്യം സര്‍വേ പുറത്തുവിട്ടത്. പിന്നീട് മാതൃഭൂമി ചാനലും ഒടുവില്‍ ഏഷ്യാനെറ്റും വിവിധ ഏജന്‍സികളുമായി സഹകരിച്ച് തയ്യാറാക്കിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു മൂന്ന് ചാനല്‍ സര്‍വേകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. വി പി സാനു സംസാരിച്ചതിന്റെ ഓഡിയോയും ഇതോടൊപ്പം കേള്‍ക്കാം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് 52 ശതമാനം വോട്ടും, വി പി സാനുവിന് 29 ശതമാനം വോട്ടും എന്‍ഡിഎയിലെ വി ഉണ്ണിക്കൃഷ്ണന് 15 ശതമാനം വോട്ടുകളും ലഭിക്കുമെന്നായിരുന്നു ഏഷ്യാനെറ്റ് സര്‍വേ. മലപ്പുറം സര്‍വേ ഫലം പ്രഖ്യാപിക്കുന്നതിനിടെ ചാനല്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ നടത്തിയ പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. മലപ്പുറം മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങാനിരിക്കുന്ന വി പി സാനുവിന് അനുശോചനങ്ങള്‍ എന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വേ ചര്‍ച്ചയില്‍ പറഞ്ഞ ചാനല്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണനുള്ള മറുപടിയും സാനു പറയുന്നു.
വി പി സാനുവിന് പറയാനുള്ളത് കേള്‍ക്കാം/ ഓഡിയോ
‘തട്ടിക്കൂട്ട് സര്‍വേ ഇവരുടെ വിശ്വാസ്യത തകര്‍ക്കും’
സര്‍വേയെ പ്രാധാന്യത്തോടെ കാണുന്നില്ല. സര്‍വേകളില്‍ വിശ്വസിച്ചിരിക്കുകയാണെങ്കില്‍ സര്‍വേ മതിയല്ലോ. നാട്ടിലിറങ്ങി പണിയെടുക്കേണ്ടതില്ലല്ലോ.ഞങ്ങള്‍ നാട്ടിലിറങ്ങി സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരാണ്. ജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നവരാണ്. ജനങ്ങള്‍ക്ക് ഞങ്ങളെ അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് സര്‍വേകളും എക്‌സിറ്റ് പോളുകളും ഉണ്ടായിട്ടും അതിനെയൊക്കെ മറികടന്ന് 92 സീറ്റ് നേടിക്കൊണ്ട് ഇടതുപക്ഷം അധികാരത്തില്‍ വന്നത്. സര്‍വേകളില്‍ മലപ്പുറത്ത് യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നതിനൊപ്പം 14 ശതമാനം ബിജെപിക്ക് വോട്ട് കിട്ടുമെന്നാണ് പറയുന്നത്. ബിജെപിക്ക് 10 ശതമാനം വോട്ട് കിട്ടാന്‍ പോലും സാധ്യതയില്ലാത്ത മണ്ഡലമാണ് മലപ്പുറം. സര്‍വേയുടെ അബദ്ധം ഇതില്‍ തന്നെ വ്യക്തമാണ്.
ഏഷ്യനെറ്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് നടത്തിയ സര്‍വേയില്‍ എട്ട് ശതമാനമായിരുന്നു വ്യത്യാസം. അതിന് ശേഷം നടന്ന സര്‍വേയില്‍ പതിനാലോ പതിനെഞ്ചോ വ്യത്യാസമുണ്ടെന്ന് ഇവിടെ സഖാക്കള്‍ പറയുന്നത് കേട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുണ്ടാവുകയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് യുവാക്കളുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ വോട്ടര്‍മാര്‍ സര്‍വേകളെ തള്ളിക്കളയും. സര്‍വേ നടത്തുന്നവര്‍ അവരുടെ വില കളയുകയാണ്. ഇത്തരം സര്‍വേകള്‍ അവരുടെ വിശ്വാസ്യത കളയുകയാണ്. ആരോടാണ് ഇവര്‍ വിവരങ്ങള്‍ ചോദിച്ചതെന്ന് അറിയില്ല.. സര്‍വേ നടത്തിയതാരാണെന്ന് അറിയില്ല. ഇത്തരം തട്ടിക്കൂട്ട് സര്‍വേകളുമായി വന്നാല്‍ അവരുടെ വിശ്വാസ്യതയാണ് തകരുക, നാളെ നാട്ടിലൊരു സര്‍വേ നടത്താന്‍ പറ്റാത്ത വിധത്തില്‍ അവരുടെ വിശ്വാസ്യത പോകും.
കഷ്ടം, സിപിഎം അതിന്റെ വളരെ പ്രധാനപ്പെട്ട യുവനേതാവിനെ അവിടെ ബലിയാടാക്കിയത് കഷ്ടമെന്ന് തോന്നുന്നു. തോല്‍ക്കുന്ന മണ്ഡലത്തില്‍, അദ്ദേഹത്തെ കൊണ്ട് ജയിക്കാന്‍ കഴിയില്ലെന്ന് ഒരുമാതിരി സാമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. അദ്ദേഹത്തോട് അനുശോചനം രേഖപ്പെടുത്തുക മാത്രമേ നമ്മുക്ക് ചെയ്യാനുള്ളൂ.എം ജി രാധാകൃഷ്ണന്‍,ഏഷ്യാനെറ്റ് എഡിറ്റര്‍ (അഭിപ്രായ സര്‍വേ ചര്‍ച്ചയില്‍)
‘അനുശോചനം സ്വീകരിച്ചിരിക്കുന്നു’
എംജി രാധാകൃഷ്ണനെ പോലെ ഒരാള്, അദ്ദേഹമൊക്കെ ഞങ്ങള്‍ക്ക് കുറച്ച് ബഹുമാനമുള്ള പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമൊക്കെ വസ്തുതകള്‍ മനസിലാക്കാതെ പറഞ്ഞതായിരിക്കും. എന്തായാലും അദ്ദേഹത്തിന്റെ അനുശോചനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. മേയ് മാസം 23ന് ഇതിന് ഞാന്‍ മറുപടി പറയാം. അതായിരിക്കും നല്ലത്.
‘അട്ടിമറിക്ക് യൂത്ത് ആണ് നല്ലത്’
തെരഞ്ഞെടുപ്പില്‍ പോരാടാന്‍ എപ്പോഴും നല്ലത് യൂത്ത് ആണ്. 1984ല്‍ എസ് എഫ് ഐയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുറുപ്പ് മത്സരിച്ച സമയത്ത് എല്‍ഡിഎഫ 20ല്‍ 19 സീറ്റിലും പരാജയപ്പെട്ടു. ആ സമയത്താണ് അതുവരെ യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തില്‍ സുരേഷ് കുറുപ്പ് കോട്ടയത്ത് വിജയിച്ചത്. എസ് എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന സമയത്ത് എ വിജയരാഘവന്‍ വിജയിച്ചതും സമാനമായ രീതിയിലാണ്. യുഡിഎഫിന്റെ മണ്ഡലം പിടിച്ചെടുത്തായിരുന്നു വിജയം. 2006ല്‍ കുറ്റിപ്പുറം കെടി ജലീല്‍ പിടിച്ചെടുത്തത് അങ്ങനെയാണ്.