Interview

ശ്വേത ഭട്ട് അഭിമുഖം: ‘രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാവിധി, സഞ്ജീവിന്റെ മോചനത്തിനായി ഏതറ്റം വരെയും പോകും’ 

കെ. പി.സബിന്‍

30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. കുടുംബം എങ്ങിനെയാണ് ഈ വിധിയോട് പ്രതികരിക്കുന്നത് ?

വേദനയുണ്ടാക്കുന്നതാണ് കോടതി വിധി. അത് സഞ്ജീവിനെ ഇഷ്ടപ്പെടുന്നവരെയെല്ലാം സങ്കടത്തിലാക്കിയിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. 30 വര്‍ഷം മുന്‍പുള്ള കേസില്‍ സഞ്ജീവിനെ വേട്ടയാടുകയായിരുന്നു. കേസിനുവേണ്ടി ആവശ്യപ്പെട്ട രേഖകളൊന്നും ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയില്ല. എല്ലാം നശിച്ചുപോയെന്നാണ് പറഞ്ഞത്. പല ഒഴിവുകഴിവുകള്‍ പറഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് ബോധപൂര്‍വ്വം വൈകിപ്പിച്ചു. ജാമ്യം നല്‍കിയതുമില്ല. നീതി നിഷേധമാണ് നടന്നത്. പ്രതികാരബുദ്ധിയോടെ സഞ്ജീവിനെ കുടുക്കുകയായിരുന്നു.

ശിക്ഷാവിധിക്ക് ശേഷം സഞ്ജീവ് ഭട്ടുമായി സംസാരിച്ചിരുന്നോ ?

വിധി പ്രസ്താവിക്കുമ്പോള്‍ ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്നു. സഞ്ജീവിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നെ അതിനനുവദിച്ചില്ല.

തുടര്‍ നിയമ നടപടികള്‍ എങ്ങിനെയാണ് ?

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അഭിഭാഷകനുമായും നിയമ രംഗത്തെ വിദഗ്ധരുമായും കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഏതു വിധേനയും സഞ്ജീവിനെ ഞാന്‍ മോചിപ്പിക്കും. അദ്ദേഹത്തെ വീട്ടില്‍ തിരിച്ചെത്തിക്കണം. നിയമപരമായി ഏതറ്റം വരെ പോകാനും തയ്യാറാണ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് ഇത്തരമൊരു ശിക്ഷ നേരിടേണ്ടി വന്നത്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.

ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണോ ഇത്തരമൊരു വിധിയിലേക്കെത്തിച്ചത് ?

അതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ഒരു കസ്റ്റഡി മരണ കേസില്‍ 30 വര്‍ഷത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ച സംഭവം ഉണ്ടായിട്ടുണ്ടോ ? രാജ്യത്ത് കസ്റ്റഡി മരണ കേസുകളില്‍ എത്ര പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ? മറ്റൊരു കേസ് 22 വര്‍ഷം പഴക്കമുള്ളതാണ്.

സിആര്‍പിസി 197 പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണത്തിന് അവകാശമുണ്ട്. സഞ്ജീവിന് ഈ ആനുകൂല്യം ലഭിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചത് പ്രതികാര നടപടിയല്ലേ ?

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാരല്ലേ സംരക്ഷിക്കേണ്ടത്. അവര്‍ അതിന് തയ്യാറാകുന്നില്ലെങ്കില്‍ പിന്നെയെവിടെയാണ് ജീവനക്കാര്‍ക്ക് സംരക്ഷണം ലഭിക്കുക. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ഇത്തരത്തില്‍ നടപടികളും വിധികളുമുണ്ടായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സാധിക്കുമോ ?

അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന കേസില്‍ കൂടി വിചാരണ പൂര്‍ത്തിയാകാനുണ്ട്. അതിന്റെ വിധി സംബന്ധിച്ച് ആശങ്കയുണ്ടോ ?

ഒന്ന് ആലോചിച്ചുനോക്കൂ. 22 വര്‍ഷം പഴക്കമുള്ളതാണ് ആ കേസ്. ചെയ്യാത്ത കുറ്റത്തിനാണ് അതിലും സഞ്ജീവിനെ വേട്ടയാടുന്നത്. ജാമ്യം പോലും നിഷേധിച്ച് പീഡിപ്പിക്കുകയാണ്‌.

സഞ്ജീവ് ഭട്ടിന്റെ നിയമ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന്റെ പിന്‍തുണ വേണ്ടയളവില്‍ ലഭിച്ചിരുന്നോ ?

ഇല്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വേണ്ടത്ര പിന്‍തുണ ലഭിച്ചിട്ടില്ല.

ഒരു ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ വേട്ടയാടുന്ന ബിജെപി സര്‍ക്കാരുകള്‍ എന്തുതരം സന്ദേശമാണ് നല്‍കുന്നത് ?

എന്ത് സന്ദേശമാണ് അവര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഇത് സഞ്ജീവ് ഭട്ടിന് മാത്രം എതിരായുള്ള വിധിയല്ല. ഈ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമെതിരായ വിധിയാണ്.

സഞ്ജീവ് ഭട്ടിനെ സംരക്ഷിക്കുന്നതില്‍ ഐപിഎസ് അസോസിയേഷന്‍ പരാജയപ്പട്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു. എങ്ങിനെയാണ് അത് സംഭവിച്ചത് ?

ഐപിഎസ് അസോസിയേഷന്‍ ഭാരവാഹികളൊന്നും വിധിക്ക് ശേഷം ബന്ധപ്പെട്ടിട്ടില്ല.

വാര്‍ത്താക്കുറിപ്പില്‍ നിന്ന്

(ഐപിഎസ് അസോസിയേഷനോട് - നിങ്ങളിലൊരാളായ ഉദ്യോഗസ്ഥന്‍ പ്രതികാരബുധിയ്ക്ക് ഇരയായി ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തോടൊപ്പം നിന്നില്ല. അദ്ദേഹത്തെ സംരക്ഷതുമില്ല. പകയോടെ പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരെ അദ്ദേഹം പോരാട്ടം തുടരുകയായിരുന്നു. എന്നാല്‍ ഏതറ്റം വരെ നിങ്ങള്‍ മൂകസാക്ഷികളായി തുടരും ?

വിധിക്ക് ശേഷം രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രതികരണവും പിന്‍തുണയും എങ്ങിനെയാണ്. ഏതെങ്കിലും പ്രധാന നേതാക്കള്‍ വിളിച്ചിരുന്നോ ?

പ്രധാന നേതാക്കളാരും വിളിച്ചിട്ടില്ല. വിധി വന്ന് ഒരു ദിവസമായതല്ലേയുള്ളൂ.

വീട് തകര്‍ക്കുന്ന തരത്തില്‍ പോലും പ്രതികാര നടപടികള്‍ നേരിട്ടിരുന്നു. അതിലും നീതി നിഷേധമായിരുന്നില്ലേ ?

അഹമ്മദാബാദിലേത് 23 വര്‍ഷം പഴക്കമുള്ള വീടാണ്. നിയമലംഘനമുണ്ടെന്ന് പറഞ്ഞ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പകുതിയും പൊളിച്ചു. വീടിനോട് ഞങ്ങളൊന്നും കൂട്ടിച്ചേര്‍ത്തിരുന്നിരുന്നില്ലെന്ന് ഓര്‍ക്കണം. അവിടെയും തീര്‍ന്നില്ല. സര്‍ക്കാര്‍, വീട്ടില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു.

എന്തുതരത്തിലുള്ള പിന്തുണയും സഹായവുമാണ് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നത് ?

ഞാന്‍ പൊതുസമൂഹത്തോട് ഒന്നും ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ സ്വമേധയാ രംഗത്തുവരട്ടെയെന്നാണ് പറയാനുള്ളത്. അനീതിക്കെതിരെ എല്ലാവരും ചേര്‍ന്ന് ശബ്ദമുയര്‍ത്തണം. ഇത്തരത്തില്‍ നീതി നിഷേധം ആവര്‍ത്തിച്ചുകൂട. സഞ്ജീവ് ഭട്ടിന്റെ മോചനത്തിന് വേണ്ടി എല്ലാ വിഭാഗമാളുകളുടെയും പിന്‍തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT