Interview

വി പി സാനു അഭിമുഖം:ഏകസംഘടന എന്ന സങ്കല്‍പ്പം എസ്എഫ്ഐയ്ക്ക് ഇല്ല 

എ പി ഭവിത

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തില്‍ കേരള ജനതയോട് മാപ്പു പറയുന്നുവെന്നും ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും സാനു ഫേസ്ബുക്ക് പോസ്റ്റിട്ടു. കാമ്പസ് അക്രമ രാഷ്ട്രീയത്തിലുള്ള മാപ്പ് പറച്ചിലാണോ അത്

യൂണിവേഴ്‌സിറ്റി കാമ്പസിലെ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് യൂണിറ്റ് ഭാരവാഹികളാണ്. രാഷ്ട്രീയ വിഷയത്തിന്റെ പേരിലല്ല അക്രമം നടന്നത്. രാഷ്ട്രീയ സംഘട്ടനമല്ല. ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ അക്രമിക്കുകയായിരുന്നു. വ്യക്തിപരമായ ഈഗോയായിരുന്നു കാരണം. എന്തിന്റെ പേരിലായാലും നടക്കാന്‍ പാടില്ലാത്തതും ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ സംഭവമാണ്. അതിനോട് യോജിക്കാനാവില്ല. അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐ ഭാരവാഹികളുണ്ട്. എസ്എഫ്‌ഐക്കാര്‍ അക്രമത്തിന്റെ ഭാഗമാകരുതെന്നാണ് സംഘടനയുടെ സമീപനം. കേരളത്തില്‍ മാത്രം 33 രക്തസാക്ഷികളുള്ള പ്രസ്ഥാനമാണ്. ഞങ്ങളുടെ കൈകൊണ്ട് ആരും കൊല്ലപ്പെടരുത്. അക്രമത്തെ പ്രോത്സാഹിപ്പികരുതെന്ന എസ്എഫ്‌ഐയുടെ നിലപാടിനെതിരാണ് അവിടുത്തെ യൂണിറ്റ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അതുകൊണ്ടാണ് കേരളീയ സമൂഹത്തോട് ഞാന്‍ മാപ്പു ചോദിച്ചത്.

വ്യക്തിപരമായ പ്രശനത്തിന്റെ പേരിലാണ് അഖിലിനെ അക്രമിച്ചതെന്ന് താങ്കള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ നേതാക്കളും സിപിഎം നേതൃത്വവും പറയുന്നു. കാമ്പസിലെ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് പ്രതികളായിരിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നമാക്കി ചുരുക്കാന്‍ കഴിയുമോ ഇതിനെ

അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കുന്നതും യൂണിറ്റ് പിരിച്ചുവിട്ടതും. ഈഗോയാണ് അവിടെ വര്‍ക്ക് ചെയ്തത്. ആ ഈഗോ വര്‍ക്ക് ചെയ്യുന്നതിന് സംഘടനാ രംഗത്തുള്ള സ്ഥാനങ്ങള്‍ എതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സംഘടനയുടെ ഭാഗമായി നില്‍ക്കുന്നത് കൊണ്ടാണ് അവര്‍ക്ക് ഈ ഈഗോ വന്നത്. അതുകൊണ്ടാണ് യൂണിറ്റ് തന്നെ പിരിച്ചു വിട്ടത്.

യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് പിരിച്ചു വിടുന്നതില്‍ സംസ്ഥാന നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉണ്ടായെന്ന് വാര്‍ത്തകളുണ്ടല്ലോ

അങ്ങനെ ചില ചിത്രീകരണങ്ങളുണ്ടായി. യൂണിറ്റ് പിരിച്ചു വിടും എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ആ സമയത്ത് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞത് പിരിച്ചു വിട്ടിട്ടില്ലെന്നാണ്. ഒറ്റയടിക്ക് യൂണിറ്റ് പിരിച്ചു വിടാന്‍ കഴിയില്ല. അതിന് സംഘടനാപരമായ നടപടികളുണ്ട്. യൂണിറ്റ് വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടതുണ്ട്. അവിടെ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച സംഘടനാ പ്രവര്‍ത്തരുണ്ട്. സംസ്ഥാന നേതാക്കളെ അടുത്ത ദിവസം അവരെ കണ്ട് സംസാരിക്കും. അവര്‍ക്ക് കൂടി സ്വീകാര്യമായ യൂണിറ്റായിരിക്കും അവിടെ പ്രവര്‍ത്തിക്കുക.

യൂണിവേഴ്‌സിറ്റി കാമ്പസിലെ എസ്എഫഐ നേതൃത്വത്തിനെതിരെ പ്രതികരിച്ച പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ആ വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടിരുന്നോ

ഒരു ഭാഗത്ത് നിന്ന് മാത്രം കേട്ട് തീരുമാനിക്കാവുന്ന വിഷയമല്ല. ആ സമയത്ത് കമ്മിറ്റി പരിശോധിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ സഹായിച്ചുവെന്ന പെണ്‍കുട്ടി തന്നെ പിന്നീട് പോസ്റ്റിട്ടു. കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നിര്‍ത്തിവെക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു രക്ഷിതാക്കള്‍ പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്.

ഒറ്റുകാര്‍ എന്ന് കാമ്പസ് നേതാക്കളെ ദേശീയ പ്രസിഡന്റായ സാനു വിളിക്കേണ്ടി വരുന്നത് നേതൃത്വത്തിന്റെ കൂടി വീഴ്ചയല്ലേ

എസ്എഫ്‌ഐയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ കിട്ടുന്ന പ്രിവിലേജുകളുണ്ട്. അത് ഉപയോഗിച്ച് സംഘടനക്ക് ചേരാത്ത ആളുകളെ ഒറ്റുകാരെന്നാണ് വിളിക്കേണ്ടത്.

എസ്എഫ്‌ഐ തിരുവനന്തപുരം എന്ന പേജ് യൂണിവേഴ്‌സിറ്റി കാമ്പസ് വിഷയത്തെ ന്യായീകരിച്ച് പോസ്റ്റിട്ടിരുന്നല്ലോ. സംഘടനയുമായി ബന്ധമുള്ളവരല്ലേ ആ പേജ് കൈകാര്യം ചെയ്യുന്നത്.

ഒരു മാസം മുമ്പ് ഈ പേജിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. പൂട്ടിക്കാന്‍ വേണ്ടി റിപ്പോര്‍ട്ട് ചെയ്തതുമാണ്. അതിലെ പല പോസ്റ്റുകളും ഫോട്ടോയായി വരുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്ക് ബാന്‍ ചെയ്തില്ല. നേതൃത്വം ഈ പേജിനെക്കുറിച്ച് അറിയില്ല. അതിനെ പിന്നിലാരാണെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല.മലപ്പുറത്ത് ഞാന്‍ മത്സരിക്കുമ്പോള്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജ് പ്രചരണം നടത്തിയിരുന്നു. മുഖചിത്രം എന്റെ ഫോട്ടോയായിരുന്നു. എന്നാല്‍ ഇതുപോലുള്ള പോസ്റ്റുകളായിരുന്നു ഇതില്‍ വന്നിരുന്നത്. ഒരുപാട് പേര്‍ ഇത്തരം പേജുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എതിരാളികള്‍ വ്യാജ പേജുകളുണ്ടാക്കി പ്രചരണം നടത്തുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇത്.

ഈ സംഭവത്തോടെ കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് വീണ്ടും സമൂഹം ചര്‍ച്ച ചെയ്യുന്നു. എസ്എഫ്‌ഐ കാമ്പസുകളിലെ പ്രവര്‍ത്തന രീതി പുന:പരിശോധിക്കാന്‍ തയ്യാറാവുമോ

തീര്‍ച്ചയായിട്ടും. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രവര്‍ത്തനരീതി മാത്രമല്ല കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും ഇക്കാര്യം പരിശോധിക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു കൊണ്ടുള്ള ഏരിയാ കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നുണ്ട്. അത് പരിശോധന നടത്തിലാണ്. എല്ലാ വര്‍ഷവും അത് നടത്താറുണ്ട്. കാമ്പസുകളിലെ ഏറ്റവും വലിയ സംഘടനയായി എസ്എഫ്‌ഐ നില്‍ക്കുന്നത് നിരന്തരമായ പരിശോധനയും തിരുത്തലും ഉള്ളത് കൊണ്ടാണ്. ഇത്തരം ചില കാര്യങ്ങള്‍ വിട്ടു പോകുന്നുവെന്നതാണ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഇപ്പോളത്തെ പ്രശ്‌നം ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്.

എഐഎസ്എഫ് ഇന്ന് യൂണിവേഴ്‌സിറ്റി കാമ്പസില്‍ യൂണിറ്റ് രൂപീകരിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പോലും കാമ്പസില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലല്ലോ

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി ആ കാമ്പസില്‍ മത്സരിച്ചിരുന്നു. എസ്‌ഐഒയും കെഎസ്‌യുവും മത്സരിച്ചിട്ടുണ്ട്. പല സംഘടനകളും ഒത്തൊരുമിച്ച് മത്സരിച്ചിട്ടുണ്ട്. അവയൊക്കെ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാധിപത്യം എന്നത് പറഞ്ഞ് നില്‍ക്കാന്‍ മാത്രമുള്ളതല്ല. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും കാമ്പസുകളില്‍ പ്രവര്‍ത്തിക്കണം. ഏകസംഘടന എന്ന സങ്കല്‍പ്പം എസ്എഫ്‌ഐക്ക് ഇല്ല.

ഈ പ്രശ്‌നമുണ്ടായപ്പോളാണ് എഐഎസ്എഫ് അവിടെ യൂണിറ്റ് രൂപീകരിച്ചത്. ഈ സംഭവത്തിനെതിരെ അവര്‍ പ്രതിഷേധിച്ചിട്ടുമുണ്ട്.

എഐഎസ്എഫ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ യൂണിറ്റ് രൂപീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. അവിടെ മാത്രമല്ല കേരളത്തിലെ എല്ലാ കാമ്പസുകളിലും അവര്‍ യൂണിറ്റ് രൂപീകരിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. എം ജി കോളേജില്‍ മറ്റൊരു സംഘടനയേയും പ്രവര്‍ത്തിക്കാന്‍ എബിവിപി അനുവദിച്ചിരുന്നില്ല. രണ്ട വര്‍ഷം മുമ്പാണ് എസ്എഫ്‌ഐ തീരുമാനിച്ച് കയറി യൂണിറ്റുണ്ടാക്കിയത്.

മഹാരാജാസ്, മടപ്പള്ളി ഉള്‍പ്പെടെ എസ്എഫ്‌ഐക്ക് സ്വാധീനമുള്ള കാമ്പസുകളില്‍ മറ്റ് സംഘടനകള്‍ പ്രവര്‍ത്തന സ്വാതന്ത്രമില്ലെന്ന് ആരോപിക്കുന്നുണ്ടല്ലോ

മടപ്പള്ളി കോളേജില്‍ എല്ലാ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി ചില പ്രത്യേക താല്പര്യങ്ങളോടെ പ്രശ്‌നമുണ്ടാക്കിയിരുന്നതാണ്. അവിടെ സംഘടന സ്വാതന്ത്ര്യമില്ലാതെയില്ല.

എസ്എഫ്‌ഐ നേതൃത്വം ഇങ്ങനെ നിലപാടെടുക്കുമ്പോഴും കാമ്പസുകളിലെ പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളിലുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതായുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്.

ആ പ്രശ്‌നം സംഘടന പരിശോധിക്കും. തിരുത്തും. ജനാധിപത്യപരമായ കാമ്പസാണ് ഞങ്ങളുടെ ആശയം. എല്ലാ സംഘടനകളും പ്രവര്‍ത്തിക്കുന്ന കലാലയം എന്നതാണ് നിലപാട്.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT