ഡബ്ല്യുസിസി പ്രതിനിധികള്‍ കൂടിയായ അമ്മ അംഗങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനൊപ്പം കുറച്ചുപേര്‍ അതിനെ പിന്തുണച്ച് മുന്നോട്ട് വന്നതിനേത്തുടര്‍ന്നാണ് താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചത്. സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണം എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ നടി രേവതിയും പാര്‍വ്വതിയും നിലപാട് വ്യക്തമാക്കിയപ്പോള്‍ പാര്‍വതിയും ജോയ് മാത്യുവും ഷമ്മി തിലകനും ലക്ഷ്മി ഗോപാലസ്വാമിയുമാണ് അഭിപ്രായത്തെ പിന്തുണച്ചത്.
ആക്രമിക്കപ്പെട്ട നടി അമ്മയില്‍ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചാല്‍ അവര്‍ അമ്മയിലുണ്ടാകും എന്ന് നടി ലക്ഷ്മി ഗോപാലസ്വാമി ഉറച്ച സ്വരത്തില്‍ പറയുന്നത് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങള്‍ നടിമാര്‍ക്ക് നല്‍കുന്ന ഉറച്ച പിന്തുണയാണ് വ്യക്തമാക്കുന്നത്. നീതിക്ക് വേണ്ടി ശ്രമിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അമ്മയിലെ സ്ത്രീകളില്‍ പലരും കണ്ടീഷനിങ്ങിന്റെ ഇരയാണെന്നും ലിംഗ വിഷയങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി വര്‍ക്‌ഷോപ് നടത്തണമെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ജെന്‍ഡര്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദധാരി കൂടിയായ ലക്ഷ്മി ' ദ ക്യൂ'വിന് നല്‍കിയ അഭിമുഖം.
ആക്രമിക്കപ്പെട്ട നടിയെ തിരിച്ചെടുക്കുന്നതിലെ നിലപാട് എന്താണ്?
രാജിവെയ്ക്കാന്‍ തീര്‍ച്ചയായും അവര്‍ക്ക് (നടിയ്ക്ക്) അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. ഇക്കാര്യം പറയുമ്പോള്‍ സ്വാഗതം എന്നത് വളരെ ചെറിയൊരു വാക്കാണ്. അവര്‍ അമ്മയുടെ ഭാഗമാണ്. അമ്മയുടെ ഭാഗമായി തുടരാന്‍ അവര്‍ തീരുമാനിച്ചാല്‍ അവര്‍ അമ്മയുടെ ഭാഗമായിരിക്കും.
അമ്മയില്‍ നിന്ന് രാജി വെച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം എന്നാണല്ലോ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെടുന്നത്? അന്നത്തെ ചര്‍ച്ചയില്‍ എന്താണുണ്ടായത്?
ലെറ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മമ്മൂട്ടി സര്‍ ഇടപെട്ടു. അത് വേണ്ടതില്ലെന്ന് പറഞ്ഞു. അപ്പോള്‍ എല്ലാവരും കൈയടിച്ചു. എല്ലാവര്‍ക്കും അത് സമ്മതമായിരുന്നു. അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും തമ്മില്‍ യാതൊരുവിധ എതിര്‍പ്പുമില്ല. ഭൂരിപക്ഷത്തിന് എതിര്‍പ്പില്ലെന്ന് കരുതി ഈ ഭേദഗതി പാസാക്കാന്‍ പറ്റില്ലെന്ന് രേവതിയും പാര്‍വ്വതിയും പറഞ്ഞു. ഇത് ഒരു ഭൂരിപക്ഷവുമായി ബന്ധപ്പെട്ട പ്രശ്‌നം അല്ലെന്നും ഇത് ആലോചിച്ച് ചെയ്യേണ്ട ഒന്നാണെന്നും അവര്‍ വ്യക്തമാക്കി. നിയമപരവും ലിഗംപരവുമായുള്ള വിഷയങ്ങളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി ബൈലോകള്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അറിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അമ്മയില്‍ സ്ത്രീ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ?
കൂടുതല്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടുവരികയാണിപ്പോള്‍. മനപ്പൂര്‍വ്വം സ്ത്രീകളെ നിശ്ശബ്ദരാക്കി നിര്‍ത്തണമെന്ന് ആര്‍ക്കുമില്ല. ഓരോരുത്തരും തന്നെയാണ് അവരവരുടെ തീരുമാനങ്ങള്‍ എടുക്കുന്നത്. മറ്റ് അംഗങ്ങള്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ശരിക്കും എനിക്ക് അറിയില്ല. നീതിക്ക് വേണ്ടി ശ്രമിക്കുക എന്നത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് സ്ത്രീകളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യണമെങ്കില്‍ എല്ലാവരേയും കേള്‍ക്കണം. എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവസരം അമ്മയിലുണ്ട്.
അമ്മ നേതൃത്വത്തില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ച് എന്താണ് അഭിപ്രായം?
സംവരണമല്ല, പ്രാതിനിധ്യം. 50 ശതമാനം പ്രാതിനിധ്യം ഏര്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
അമ്മ കൂടുതല്‍ ജനാധിപത്യപരവും ജെന്‍ഡര്‍ ന്യൂട്രലും ആക്കാന്‍ ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുക?
ആദ്യം ഈ കാര്യങ്ങളേക്കുറിച്ച് ആളുകള്‍ക്ക് അവബോധമുണ്ടാകണം. ഞാന്‍ അമ്മയിലെ മറ്റ് വനിതാ അംഗങ്ങളെ കുറ്റപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യുകയല്ല. അവര്‍ സമ്പ്രദായങ്ങളുടെ ഇരയാണ്. സ്റ്റീരിയോ ടൈപ്പുകളുടെ ഇരയാണ്. സോഷ്യല്‍ കണ്ടീഷനിങ്ങിന്റെ ഇരകളാണ്. ചില ആളുകള്‍ക്ക് സേഫ് സോണില്‍ നില്‍ക്കാന്‍ മാത്രമാണ് താല്‍പര്യം. ചിലര്‍ നയതന്ത്രപരമായ സമീപനം പ്രകടിപ്പിക്കും. ചിലര്‍ അത്രയ്ക്കങ്ങ് ചിന്തിക്കില്ല. അമ്മയിലെ എല്ലാവര്‍ക്കും വേണ്ടി, സ്ത്രീകളേയും പുരുഷന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ട് ലിംഗ വിഷയങ്ങളില്‍ അവബോധമുണ്ടാകാന്‍ ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ പരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാവരും മനസ് തുറക്കണം.
ഡബ്ലിയുസിസി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഡബ്ലിയുസിസിയുടെ പ്രവര്‍ത്തനങ്ങളോട് യോജിപ്പുണ്ട്. ഞാന്‍ അമ്മയിലെ അംഗമാണ്. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്നുണ്ട്. അമ്മയില്‍ സഹകരിക്കാനും മാറ്റങ്ങള്‍ വരുത്താനുമാണ് എനിക്ക് ആഗ്രഹം. ആരെയെങ്കിലും സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഒരു മൂന്ന് മണിക്കൂര്‍ വര്‍ക്‌ഷോപ്പോ അങ്ങനെ എന്തെങ്കിലുമൊക്കെ സംഘടിപ്പിക്കണം. എല്ലാവരും എല്ലായിടത്തും ഈ അവബോധത്തെ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.