എക്‌സിറ്റ് പോള്‍ പ്രവചനവും തെരഞ്ഞെടുപ്പ് ഫലവും ഒന്നാണെങ്കില്‍ വോട്ടിങ് മെഷീനെ കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലലോ എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വന്‍വിജയം വിവിധ എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചതോടെയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.
എക്‌സിറ്റ് പോളുകള്‍ ആള്‍ക്കാരില്‍ നിന്ന് നേരിട്ട് എടുക്കുന്ന വിവരങ്ങള്‍ വെച്ചാണല്ലോ, അതില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് യാതൊരു പങ്കുമില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളും 23ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും ഒരേപോലെയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ വോട്ടിങ് മെഷീന്‍ സംബന്ധിച്ച വ്യാജ പ്രശ്‌നത്തിന് നിലനില്‍പ്പില്ലാതെയാകുമല്ലോ.
കേവല ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് നേടാനാകുമെന്നും മോദി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്നുമാണ് ഇന്നലെ പുറത്ത് വന്ന ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്.
എന്നാല്‍ ജെയ്റ്റ്‌ലി ഇന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ തന്നെ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പറഞ്ഞിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇവിഎം ക്രമക്കേടിന് കളമൊരുക്കാനുള്ള ബിജെപി തന്ത്രമാണെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള ബിജെപിയുടെ തന്ത്രമെന്ന് മമത തുറന്നടിച്ചതിന് പിന്നാലെയാണ് രണ്ടും ഒന്നായാല്‍ ഇവിഎം ക്രമക്കേട് ആരോപണത്തിന് കഴമ്പുണ്ടാകില്ലല്ലോ എന്ന ജെയ്റ്റ്‌ലിയുടെ പ്രതികരണം.
ആയിരക്കണക്കിന് വോട്ടിങ് മെഷീന്‍ മാറ്റിയെടുക്കാനുള്ള തന്ത്രമെന്ന് പറഞ്ഞ മമതാ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒത്തൊരുമയോടെ ധൈര്യത്തോടെ നില്‍ക്കണമെന്നും നമ്മള്‍ ഈ യുദ്ധം ഒന്നിച്ച് നയിക്കുമെന്നും മമത പറഞ്ഞിരുന്നു.
ദേശീയ താല്‍പര്യം കണക്കിലെടുത്താണ് ഓരോരുത്തരും വോട്ട് ചെയ്തിരിക്കുന്നതെന്നും ഒരേ ആശയത്തോടെ ഒരേ ദിശയില്‍ ആളുകള്‍ നീങ്ങുമ്പോള്‍ അതൊരു തിരയായി മാറുമെന്നും ജെയ്റ്റ്‌ലി എക്‌സിറ്റ് പോള്‍ ഫലത്തെ കുറിച്ച് പറഞ്ഞു. കുടുംബ വാഴ്ച പാര്‍ട്ടികളും ജാതി പാര്‍ട്ടികളും തടസ്സവാദമുന്നയിക്കുന്ന ഇടത് പാര്‍ട്ടികളും 2014ല്‍ നേരിട്ട കനത്ത തിരിച്ചടി അതിലും ശക്തവും വ്യക്തവുമായി 2019ലും ആവര്‍ത്തിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.