ഞങ്ങളുടെ കൃഷി നശിപ്പിച്ചാണ് നരേന്ദ്രേമോദിയുടെ റാലിക്കായി 3 ഹെലിപ്പാഡുകള്‍ ഉണ്ടാക്കിയത്. നഷ്ടപരിഹാരം നല്‍കുമെന്ന് സംഘാടകര്‍ ഉറപ്പുതന്നതാണ്. അഥവാ ലഭിച്ചില്ലെങ്കില്‍ ഹെലിപ്പാടുണ്ടാക്കാന്‍ ഉപയോഗിച്ച കല്ലുകളെല്ലാം ഞങ്ങള്‍ക്കെടുക്കാമെന്നും പറഞ്ഞു. എന്നാല്‍ പണം തന്നില്ലെന്ന് മാത്രമല്ല കല്ലുകളെല്ലാം അവര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു.ചമേല ദേവി,കര്‍ഷകസ്ത്രീ
നിറകണ്ണുകളോടെ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുള്ള കര്‍ഷക ചമേല ദേവി. വാരാണസിയിലെ കച്‌നാര്‍ ഗ്രാമവാസിയാണ് ഈ 60 കാരി. ദ വയറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂ ഉടമയില്‍ നിന്ന് പാട്ടത്തിനെടുത്താണ് കൃഷി. മോദിയുടെ റാലിക്ക് ഒരുപാട് ആളുകള്‍ വന്നു. നീളന്‍ പ്രസംഗങ്ങളും ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം നഷ്ടപരിഹാരം നല്‍കാതെ അവര്‍ ഹെലികോപ്റ്ററില്‍ കയറി പോയി. അവശിഷ്ടങ്ങളൊഴികെ എല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തു. എന്റെ മകന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ അവനെ ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങളുടെ കൃഷി അവര്‍ നശിപ്പിച്ചു. നിലവും നശിപ്പിച്ചു.ചമേല ദേവി
2018 ജൂലൈ 14 നായിരുന്നു നരേന്ദ്രമോദി പങ്കെടുത്ത പരിപാടി. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഈ ചടങ്ങില്‍ 449.29 കോടി ചെലവുവരുന്ന 20 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കൂടാതെ ഇതേ ചടങ്ങില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ 487.66 കോടിയുടെ പദ്ധതികള്‍ വേറെയും പ്രഖ്യാപിച്ചു. 10 ഏക്കര്‍ സ്ഥലമാണ് റാലിക്കായി ഉപയോഗിച്ചത്. കൂറ്റന്‍ സ്‌റ്റേജും സദസ്സില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഇരിപ്പിടവും ഒരുക്കിയിരുന്നു. 3 ഹെലിപ്പാഡുകള്‍ക്ക് പുറമെ വിപുലമായ പാര്‍ക്കിംഗ് ഏരിയയും ഒരുക്കി. ഭൂ ഉടമകളില്‍ നിന്ന് പാട്ടത്തിനെടുത്ത 7 പേരുടെ കൃഷിയിടങ്ങള്‍ നിരപ്പാക്കിയാണ് റാലിക്കായി വേദിയൊരുക്കിയത്. നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പോടെയായിരുന്നു ഇത്. എന്നാല്‍ പരിപാടി കഴിഞ്ഞ് സംഘാടകര്‍ പൊടിയും തട്ടിപ്പോയതല്ലാതെ ആര്‍ക്കും പണം നല്‍കിയില്ല.
പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായിരിക്കുകയായിരുന്നു. പലരും വിളവെടുപ്പ് തുടങ്ങിവെച്ചതുമാണ്. ആ സമയത്താണ് സംഘാടകര്‍ കൃഷിയിടം നശിപ്പിച്ചത്.ഗിരിജ, കര്‍ഷകന്‍
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഞങ്ങള്‍. വിളവെടുത്താല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും ഭൂവുടമയ്ക്കാണ് പോകുന്നത്. മോദിയുടെ പരിപാടിക്കുവേണ്ടി കൃഷി നശിപ്പിച്ച് നിലത്ത് മണ്ണടിച്ച് കല്ല് പാകുകയായിരുന്നു. പരിപാടിക്ക് ശേഷം ഞങ്ങളുടെ കൃഷിയിടം ഒന്നിനും കൊള്ളാതായി. കല്ലുകളൊക്കെ ഞങ്ങള്‍ തന്നെയാണ് നീക്കിയിട്ടത്. കൃഷി മാത്രമാണ് ഞങ്ങളുടെ ഉപജീവനമാര്‍ഗം. ഇതുകൊണ്ടാണ് കുടുംബം കഴിയുന്നത്.ചമേല ദേവി
പ്രധാനമന്ത്രി വരുന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയിരുന്നു. പക്ഷേ കുറച്ചുസമയം മാത്രമേ സന്തോഷം അവശേഷിച്ചുള്ളൂ. ഇളവനും കുമ്പളവും വെള്ളരിയുമൊക്കെ വിളവെടുപ്പിന് പാകമായിരുന്നു. അപ്പോഴാണ് ഉദ്യോഗസ്ഥര്‍ വന്ന് നിലം നിരപ്പാക്കിയത്. അന്‍പതിനായിരം രൂപയുടെയെങ്കിലും നഷ്ടം എനിക്കുണ്ടായി.
ഖട്ടായ് ലാല്‍, കര്‍ഷകന്‍
ശോഭ്‌നാഥിനും അന്‍പതിനായിരം രൂപയുടെ കൃഷി നാശമുണ്ടായി. രാജുവെന്ന കര്‍ഷകന് നാല്‍പ്പതിനായിരം രൂപയുടെ വിളനഷ്ടമാണുണ്ടായത്. നഷ്ടപരിഹാരത്തിനായി ഇവര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.