അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് വീക്ഷണം മുഖപ്രസംഗത്തിന് ചെറിയാന്‍ ഫിലിപ്പിന്റെ മറുപടി. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ്.
രാജ്യസഭാ സീറ്റില്‍ ചെറിയാന്‍ ഫിലിപ്പിനെ അവസാന നിമിഷം സിപിഐഎം തഴഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു. ഡോ. വി.ശിവദാസനെയും ജോണ്‍ ബ്രിട്ടാസിനെയുമാണ് രാജ്യസഭയിലേക്ക് പരിഗണിച്ചത്. മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗം. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മില്‍ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണെന്നും എഡിറ്റോറിയലില്‍ എഴുതിയിരുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം
രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല.
ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.. ഇക്കാര്യം ആൻ്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.
കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആൻ്റണി 2010 ൽ കെ.ടി ഡി.സിയുടെ ഒരു ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിലാണ്.
ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിൽ നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിൻ്റെ അമ്പതാം വാർഷികത്തിൽ ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സി പി ഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.
ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.
1976 മുതൽ 1982 വരെ ഞാൻ വീക്ഷണത്തിൻ്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആൻ്റണിയുടെ പ്രസംഗം സെൻസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തിൽ ചില വേളകളിൽ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്