തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അണിയറ നീക്കങ്ങളും സജീവമായി. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണത്തിനായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി ഡി പി അധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡുവാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നതിനായുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
പ്രതിപക്ഷ നിരയിലെ ആറ് നേതാക്കളുമായി ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഇന്നലെ കണ്ടു. രാഹുലിനെ സന്ദര്‍ശിച്ചതിന് ശേഷംലഖ്‌നൗവിലെത്തി ബി എസ് പി അധ്യക്ഷ മായാവതി, എസ് പി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എന്‍ സി പി നേതാവ് ശരദ്പവാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരെയും കണ്ടിരുന്നു. തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവും ബിജെപി ഇതര സര്‍ക്കാര്‍ സാധ്യത തേടി നേതാക്കളെ കാണുന്നുണ്ട്. ചന്ദ്രശേഖര്‍ റാവുവുമായി യോജിക്കാവുന്നതിനുള്ള സാധ്യതയും നായിഡു തള്ളിക്കളയുന്നില്ല. ബിജെപിക്കെതിരെ നിലപാടെടുക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്ന് നായിഡു വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 23 ന് പ്രതിപക്ഷ നിരയിലുള്ള നേതാക്കളുടെ യോഗം സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര്‍ റാവു, ശരദ് പവാര്‍, മുലായംസിങ് യാദവ് എന്നിങ്ങനെ പ്രധാനമന്ത്രി പദവി മോഹിക്കുന്നവരുടെ നീണ്ട നിരയുണ്ട് പ്രതിപക്ഷത്ത്. പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിനാണ് സാധ്യതയെന്നും 1996 ലേത് പോലെയായിരിക്കില്ലെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ കക്ഷിക്കും കിട്ടുന്ന സീറ്റുകള്‍ പരിഗണിച്ച് പ്രധാനമന്ത്രിപദത്തിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിട്ടുണ്ട്. 272 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. രാഹുല്‍ ഗാന്ധി നല്ല നേതാവെണെന്ന് പറയുന്ന ചന്ദ്രബാബു നായിഡു പക്ഷേ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ല.