നരേന്ദ്ര മോദിയുടെ ബിജെപിയെ താഴെയിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ച നായിഡു ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനേയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും എല്‍ജെഡി നേതാവ് ശരദ് യാദവിനെയും കണ്ടു കഴിഞ്ഞു.
പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ട് മമതാ ബാനര്‍ജിയും ബിഎസ്പി അധ്യക്ഷ മായാവതിയും ചരട് വലിക്കുമ്പോള്‍ ബിജെപിയെ തുരത്തുന്നതില്‍ പ്രധാന ശക്തിയാകാവുന്ന ദക്ഷിണേന്ത്യയെ യോജിപ്പിച്ച് പ്രധാനമന്ത്രി സ്ഥാനം ഉന്നംവെയ്ക്കുകയാണ് ചന്ദ്രബാബു നായിഡു. ഒന്നിച്ചു നിന്നാല്‍ 129 സീറ്റുള്ള ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി സാധ്യമെന്ന ചിന്തയിലാണ് തെലുങ്ക് നേതാക്കള്‍. ഈ ശ്രമത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ്. കെസിആറിന്റെ നീക്കം ബിജെപി- കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കായാണ്.
എന്നാല്‍ കോണ്‍ഗ്രസിനേയും ഒപ്പം ചേര്‍ത്താല്‍ കാര്യം എളുപ്പമാണെന്ന ചിന്തയിലാണ് ചന്ദ്രബാബു നായിഡു ചര്‍ച്ചകള്‍ നടത്തുന്നത്. മെയ് 23-ന് പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത യോഗം സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്തതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കാണാനിറങ്ങിയത്. കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാവുന്നതിലും എതിര്‍പ്പുള്ള നേതാവല്ല നായിഡു.
കോണ്‍ഗ്രസിന് പിന്തുണ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ദക്ഷിണേന്ത്യന്‍ പ്രധാനമന്ത്രി സാധ്യതതയും വോട്ടെണ്ണലിന് മുമ്പായി സജീവമാക്കുകയാണ് നായിഡുവിന്റെ നീക്കങ്ങള്‍. 80 സീറ്റുള്ള ഉത്തര്‍ പ്രദേശം 42 സീറ്റുള്ള പശ്ചിമ ബംഗാളും മായാവതിക്കും മമതാ ബാനര്‍ജിക്കും പ്രതീക്ഷ നല്‍കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒന്നിച്ചുള്ള സാധ്യതയാണ് ആന്ധ്ര- തെലങ്കാന നേതാക്കളെ ചിന്തിപ്പിക്കുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും നായിഡു സന്ദര്‍ശിച്ചിരുന്നു. ബദ്ധവൈരിയായ കെസിആറിനെ പോലും ഒപ്പം ചേര്‍ത്തുള്ള സഖ്യത്തിന് തയ്യാറാണെന്ന് നായിഡു പ്രഖ്യാപിച്ചു കഴിഞ്ഞു. ടിആര്‍എസ് എന്നല്ല, ബിജെപി വിരുദ്ധരായ ഏത് പാര്‍ട്ടിയെയും തങ്ങളുടെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നായിരുന്നു നായിഡുവിന്റെ പ്രസ്താവന.
തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുകളുണ്ട്, കേരളത്തില്‍ 20, തെലങ്കാനയില്‍ 17ഉം ആന്ധ്രാപ്രദേശില്‍ 25ഉം കര്‍ണാടകത്തില്‍ 28ഉം സീറ്റുകള്‍. ബിജെപി വിരുദ്ധ ചേരിയില്‍ ഉറച്ച് നില്‍ക്കാന്‍ സാധ്യതയുള്ള 129 സീറ്റുകള്‍, കണക്കിലെ കളികള്‍ക്കുള്ള വഴി കൂടിയാണ് വോട്ടെണ്ണലില്‍ തെളിഞ്ഞുകാണുന്നത്.