Election

എക്‌സിറ്റ് പോള്‍ പ്രവചനത്തോടെ വീണ്ടും ‘ഓപ്പറേഷന്‍ താമര’; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നീക്കം

THE CUE

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയുടെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോളുകള്‍ വന്‍ വിജയം പ്രഖ്യാപിച്ചതോടെയാണ് മധ്യപ്രദേശില്‍ ബിജെപി 'തങ്ങളുടെ' ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭൂരിപക്ഷം തെളിയിക്കാന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.

230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ 114 പേരുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. 109 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ രണ്ട് ബിഎസ്പി, ഒരു എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണയിലാണ് കോണ്‍ഗ്രസ് ഭരണം.

എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിച്ചതോടെ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങിയെന്നാണ് ഗവര്‍ണര്‍ക്ക് കത്തയച്ച നീക്കം വെളിവാക്കുന്നത്. ഓപ്പറേഷന്‍ താമര നേരത്തേയും ബിജെപി മധ്യപ്രദേശില്‍ പയറ്റിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാല്‍ തുടര്‍ ഭരണം കേന്ദ്രത്തില്‍ ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം വന്ന പശ്ചാത്തലത്തിലാണ് ബിജെപി വീണ്ടും നീക്കങ്ങള്‍ തുടങ്ങിയത്.

ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ ആനന്ദി ബെന്‍ പട്ടേലാണ് മധ്യപ്രദേശിലെ ഗവര്‍ണര്‍. ഗോവയിലും മണിപ്പൂരിലും കര്‍ണാടകയിലുമടക്കം ഗവര്‍ണറെ വെച്ച് ബിജെപി കളിച്ച കളികള്‍ മുമ്പ് നടന്നിട്ടില്ലാത്തതായിരുന്നു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വന്‍ ഭൂരിപക്ഷമില്ലാത്ത മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി നീക്കം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കോണ്‍ഗ്രസിനോട് ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് വന്‍ വിജയം മുന്നില്‍ കണ്ടാണ്. 24 ലോക്‌സഭാ സീറ്റുകളില്‍ മധ്യപ്രദേശില്‍ 20ലും ബിജെപി ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ഈ സാധ്യത വിലപേശലിന് ഉപയോഗിച്ചാണ് ബിജെപിയുടെ ധൃതിയിലുള്ള നീക്കം. തങ്ങള്‍ ഗവര്‍ണര്‍ക്ക് കത്തയച്ചുവെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞുകഴിഞ്ഞു.

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

SCROLL FOR NEXT