പ്രസംഗത്തിലൂടെ തന്നെ പരിഹസിച്ച എ എം ആരിഫ് എംപിയ്ക്ക് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. ജനപ്രതിനിധി കൂടിയായ ആരിഫിന്റെ ഭാഗത്ത് നിന്നുള്ള പരാമർശങ്ങൾ സങ്കമുണ്ടാക്കിയെന്ന് അരിതാ ബാബു പറഞ്ഞു. തന്നെ പരിഹസിച്ചതിലൂടെ തൊഴിലാളികളെയാണ് ആരിഫ് അപമാനിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ സേവനത്തിനൊപ്പം അദ്ധ്വാനിച്ച് ജീവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അരിതാ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവെ, പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നുള്ള എ എം ആരിഫ് എം പിയുടെ പരാമർശമാണ് വിവാദമായത്. പ്രാരാബ്ദമാണോ സ്ഥാനാർഥിക്കുള്ള മാനദണ്ഡമെന്നും അദ്ദേഹം പ്രസംഗത്തിലൂടെ സദസ്സിനോട് ചോദിച്ചിരുന്നു.
അരിത ബാബുവിന്റെ പ്രതികരണം
കഴിഞ്ഞ ദിവസം വേദനാജനകമായ ഒരു കാര്യമാണ് ഉണ്ടായത്. ജനപ്രതിനിധികൂടിയാണ് ആരിഫ് എം പി. കായംകുളം ഉൾപ്പടെയുള്ള ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിന്റെ ഭാഗത്തും നിന്നും ഇങ്ങനെയുള്ള വാക്കുകൾ വന്നത് വളരെയധികം സങ്കടമുണ്ടാക്കി. എന്നെ മാത്രമല്ല അദ്ദേഹം അപമാനിച്ചത്. ഈ നാട്ടിലെ മൊത്തം തൊഴിലാളികളെയാണ് അദ്ദേഹം തന്റെ പരാമർശത്തിലൂടെ അപമാനിച്ചത്. ഇന്നാട്ടിലെ പലരും രാഷ്ട്രീയത്തിൽ നിൽക്കുന്നത് പൊളിറ്റിക്കൽ ആയ ലാഭം പ്രതീക്ഷിച്ചാണ്. രാഷ്ട്രീയപരമായ സേവനത്തിനൊപ്പം അദ്ധ്വാനിച്ച് ജീവിക്കുന്നതിൽ എനിയ്ക്ക് അഭിമാനമുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങൾ മാനസികമായി ബുദ്ധിമുട്ടു ഉണ്ടാക്കുന്നത് തന്നെയാണ്. വീടിന്റെ സാഹചര്യങ്ങൾ കൊണ്ടാണ് ഓരോ തൊഴിലിനായി പോകുന്നത്. പലർക്കും അതിന്റെ ബുദ്ധിമുട്ടുകളൊന്നും അറിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും.
എ എം ആരിഫിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. കായംകുളത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന അരിത ബാബു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ്. ക്ഷീര കര്‍ഷകയായ അരിത ഇതിനകം യുഡിഎഫില്‍ വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ അരിതക്കെതിരെ കറവക്കാരി എന്ന് വിളിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാല്‍ കറവക്കാരി എന്നു വിളിക്കുന്നതില്‍ അഭിമാനമാണെന്നായിരുന്നു അരിതയുടെ പ്രതികരണം.