കോംഗോയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ ഫണ്ടുകളും പിന്തുണയും നല്‍കുമെന്നും ഡബ്ലുയു എച്ച് ഒ അറിയിച്ചിട്ടുണ്ട്. റുവാണ്ട അതിര്‍ത്തിയില്‍ ഗോമയിലാണ് കേസ് കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 2014നും 2016 നും ഇടയില്‍ പടര്‍ന്നിരുന്നു. ഗിനിയ, ലൈരിയ, സിയറ ലിയോണ്‍ എന്നിവിടങ്ങളിലായി 28616 കേസുകളും 11310 മരണം ഉണ്ടായിരുന്നു.
രണ്ട് ദശലക്ഷം ആളുകളുള്ള മേഖലയില്‍ ഇപ്പോള്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതാണ് ആശങ്ക ഉണ്ടാക്കുന്നത്. വൈറസിനെ കീഴടക്കാനുള്ള ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തോട് ലോകാരോഗ്യ സംഘനടന സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈസ്റ്റ കിവുവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ 2512 കേസുകളുണ്ടാവുകയും 676 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
എന്താണ് എബോള
ലോകം എബോള ഭീഷണിയിലാണ്. ശരീര സ്രവങ്ങളിലൂടെയാണ് പകരുന്നത്. പരിചരിക്കുന്നവര്‍ക്കും ചികിത്സിക്കുന്നവര്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നതാണ് എബോള കൂടുതല്‍ ഭയപ്പെടുത്തുന്നത്.
1976ലാണ് കോംഗോ, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസിനെ കണ്ടെത്തിയത്. 2014 ഓഗസ്ഥിലും എബോള റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പകരുന്നത് എങ്ങനെ
കുരങ്ങുകള്‍, പന്നി, മാനുകള്‍, വവ്വാല്‍ എന്നിവയുടെ ശരീരത്തില്‍ നിന്ന് വൈറസ് പകരാം. രോഗം ബാധിച്ചിരിക്കുമ്പോള്‍ ഇവയെ കഴിക്കുന്നതിലൂടെയും വിസര്‍ജ്യങ്ങളിലൂടെയും രോഗാണു മനുഷ്യരിലെത്താം. മുന്‍കരുതല്‍ സ്വീകരിക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാം. പോഷകാഹാരക്കുറവുള്ളവരിലാണ് കൂടുതലായി രോഗം പിടിപെടുന്നത്.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിലെത്തി 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.പനി, ശരീര വേദന, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗ പ്രതിരോധ സംവിധാനം തകരാറിലാക്കും. രക്തം കട്ട പിടിക്കുന്ന കോശങ്ങളെ നശിപ്പിക്കും. വൈറസിനെ പ്രതിരോധിക്കാനാവാതെയാണ് മരണം സംഭവിക്കുന്നത്.
പനിയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം ചിലരില്‍ രക്തസ്രാവം ഉണ്ടായേക്കാം. രോഗിയുടെ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. ലാബ് ടെസ്റ്റുകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ചെലവേറിയതാണിത്. എബോള വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ വാക്‌സിന്റെ ഉല്‍പാദനം കുറവാണ്.