കണ്ണൂര്‍: നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാമെന്ന് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരായ എബിന്റെയും ലിബിന്റെയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കണ്ണൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വാദം നടന്നത്.
ആര്‍ടിഒ ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക എത്രയാണോ അത് ഒടുക്കാമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.
അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ തുക എത്രയാണ് എന്നത് ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും കോടതി ഇവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുക.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോടതിയില്‍ ഇവരെ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. വ്‌ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
വാന്‍ലൈഫ് യാത്രകള്‍ നടക്കുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.