ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3,500 രൂപ വീതം കോടതിയില്‍ പിഴയൊടുക്കണം. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം.
നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കാമെന്നും ജാമ്യം അനുവദിക്കണമെന്നും വ്‌ളോഗര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
ആര്‍ടിഒ ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക എത്രയാണോ അത് ഒടുക്കാമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ തുക എത്രയാണ് എന്നത് ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പിഴയിട്ടിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഇവരെ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. വ്ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വാന്‍ലൈഫ് യാത്രകള്‍ നടക്കുന്ന ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.
അതേസമയം കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് പൊലീസിന്റെ നീക്കമെന്നും പൊലസ് മര്‍ദ്ദിച്ചെന്നും ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് കോടതിയില്‍ പറഞ്ഞിരുന്നു. ചുമലിലും കൈക്കും പരിക്കുള്ളതായി എബിനും ലിബിനും മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു. തീവ്രവാദികളോട് പെരുമാറുന്നത് പോലെ പൊലീസും ആര്‍ടിഒ ഓഫീസറും പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.