മനുഷ്യക്കടത്തില്‍ കഞ്ചാവ് കടത്തിലും ഇടപെട്ടതിന് പ്രതികാരം: ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍
ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടൂറിസ്റ്റ് ബസുകള്‍ ലഹരിക്കടത്തും മനുഷ്യക്കടത്തും ആയുധക്കടത്തും നടത്തുന്നുവെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങള്‍ക്കെതിരായ നടപടിയെന്ന് സംശയിക്കുന്നതായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിനും പിടിയിലായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കഞ്ചാവ് കടത്തലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൊലീസ് നീക്കം.
ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത പുതിയ വീഡിയോയിലാണ് എബിന്റെയും ലിബിന്റെയും പ്രതികരണം
ഒരു മനുഷ്യന്റെ മനസാക്ഷിക്ക് പറ്റാത്ത വിധത്തിലാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. സഹിക്കാന്‍ പറ്റാത്ത അത്രയും ആരോപണങ്ങളാണ് ഞങ്ങള്‍ക്കെതിരെ ഉള്ളത്. പ്രതികരിക്കേണ്ടെന്നാണ് കരുതിയത്. ഞങ്ങളെ കരിവാരിത്തേക്കാനും നശിപ്പിക്കാനുമാണ് നോക്കുന്നത്. ഞങ്ങളെ സ്‌നേഹിക്കുന്ന 18 ലക്ഷം പേരുണ്ട്. അവര്‍ക്ക് സമൂഹത്തിന് മുന്നില്‍ തല കുനിക്കേണ്ടി വരുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ ഞങ്ങളെ ഇടപെട്ട വിഷയത്തിന്റെ പേരിലാണ് ഈ വിവാദങ്ങളൊക്കെ. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുണ്ട്. ഞങ്ങളെ പോലുള്ള രണ്ട് പിള്ളേരെ ആര്‍ക്കാണ് ഭയക്കേണ്ടത്. ശരിക്കും ഞങ്ങളെ വേട്ടയാടുകയായിരുന്നു. ഞങ്ങളെ ഈ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യണം എന്ന അജണ്ട ചിലര്‍ക്കുണ്ടായിരുന്നു. ആളുകള്‍ ഞങ്ങളെ കണ്ടാല്‍ തല്ലണം എന്നായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. ഞങ്ങള്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഇതെല്ലാം.
നമ്മളെ സ്‌നേഹിക്കുന്ന 18 ലക്ഷം പേര്‍ക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു എല്ലാം. ഇതൊരു വ്യക്തമായ പ്ലാനിംഗോടെ നടപ്പാക്കിയതാണ്. മാഫിയയാണ് പിന്നില്‍. എത്രയെത്ര ട്രാവല്‍സ് ഇത് പോലെ എത്ര വണ്ടിയോടുന്നുണ്ട്. ഞങ്ങളെ പിടിച്ച രീതിയില്‍ ആണെങ്കില്‍ ഈ റോഡിലൂടെ ഒരു ടൂറിസ്റ്റ് ബസിനോ ടിപ്പറിനോ ഇവിടെ ഓടാനാകില്ല. ഞങ്ങളുടെ അറിവില്ലായ്മ ചിലര്‍ ചൂഷണം ചെയ്തു.
ഞങ്ങളെ ഒരു കെണിയില്‍ പെടുത്തിയതാണ്. വൈകാരികതയെും അറിവില്ലായ്മയെയും മുതലെടുത്തു. ഞങ്ങള്‍ ആസാമിലെ മലയാളി ബസുകളുടെ ഇഷ്യുവില്‍ ഇടപെട്ടതാണ് ഈ അജണ്ടക്ക് പിന്നില്‍. ചില മാഫിയകള്‍ക്ക് അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കി. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ കടത്തുന്ന മാഫിയക്കെതിരെയാണ് ഞങ്ങളൊരു വീഡിയോ ചെയ്തത്. അതിന്റെ പിറ്റേ ദിവസം 240 കിലോ കഞ്ചാവ് ഇവിടെ പിടിച്ചു. വന്‍ രീതിയില്‍ ഉള്ള ആയുധക്കടത്ത് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വരുന്നുണ്ടെന്ന് ഞങ്ങള്‍ വീഡിയോയില്‍ പറഞ്ഞു. നമ്മളെ പോലുള്ള പാവപ്പെട്ടവനെ പോലെ അവര്‍ എന്തും ചെയ്യും. കേരളത്തില്‍ ഇതുവരെ ഇങ്ങനെ കണ്ടിട്ടുണ്ടോ. ആസം ബസ് ഇഷ്യുവില്‍ മനുഷ്യക്കടത്തിനെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞിരുന്നു. പല മാഫിയ സംഘങ്ങളാണ് ഇതിന് പിന്നില്‍.
മാഫിയ സംഘങ്ങള്‍ വ്യക്തമായ പ്ലാനോട് കൂടി ഉദ്യോഗസ്ഥരെ കൂട്ടാളികളാക്കി ഞങ്ങള്‍ക്കെതിരെ കെണിയൊരുക്കി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കിടന്ന ടാക്‌സ് അടച്ച വണ്ടിയാണ് അവര്‍ പിടിച്ചെടുത്തത്. മാതൃഭൂമി യാത്രയില്‍ മണാലിയില്‍ നിന്ന് കഞ്ചാവ് കൃഷി കാണിച്ചിട്ടുണ്ട്. അത് തന്നെയാണ് ഞങ്ങള്‍ കാണിച്ചത്.
ആകര്‍ഷകമായ തമ്പ് നെയില്‍ ഉണ്ടാക്കാന്‍ ഈ ചാനലുകാരാണ് ഞങ്ങളെ പഠിപ്പിച്ചത്. മാതൃഭൂമിയിലെ ചേട്ടന്‍ പറഞ്ഞത് എനിക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണാണ്. ട്വന്റി ഫോര്‍ ചാനല്‍ ഞങ്ങള്‍ക്ക് തന്ന അവാര്‍ഡ് തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.