കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതിപ്പെടുന്നവര്‍ക്കെതിരെ നിയമനടപടികളും അധിക്ഷേപങ്ങളും ഉണ്ടാകുന്നതില്‍ പ്രധാനമന്ത്രിയെ രോഷമറിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍. രാജ്യത്ത് കൊവിഡ് 19 ബാധിതരെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗബാധയുണ്ടാകുന്ന സംഭവങ്ങള്‍ ഏറുന്ന പശ്ചാത്തലത്തിലാണ് സംഘടനകള്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തയച്ചിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ കൊവിഡ് 19 ചികിത്സാ രംഗത്ത് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പിപിഇ, കൊവിഡ് 19 ടെസ്റ്റിംഗ് ഉപകരണങ്ങള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെ അപര്യാപ്തതകള്‍ സമൂഹ മാധ്യമങ്ങളിലൂടെയടക്കം തുറന്നുപറയുന്നു. ഇത്തരം ആവശ്യങ്ങള്‍ പരിശോധിച്ച് അധികൃതര്‍ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ കടുത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എയിംസിലടക്കം ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും മോശം നിലവാരത്തിലുള്ള പിപിഇ കളുടെ ചിത്രം പുറത്തുവിട്ട് ആശങ്ക രേഖപ്പെടുത്തി. താമസസൗകര്യമില്ലാത്തത് അടക്കം അവര്‍ ഉന്നയിച്ചു. എന്നാല്‍ അവര്‍ ചോദ്യം ചെയ്യപ്പെടുകയും ടാര്‍ഗറ്റ് ചെയ്യപ്പെടുകയുമാണ്. ഈ ഘട്ടത്തില്‍ അവഹേളിക്കുന്നതിന് പകരം ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ കയ്യടിക്കുകയോ നന്ദി രേഖപ്പെടുത്തുകയോ വേണ്ട. ഏറ്റവും ചുരുങ്ങിയത് ഞങ്ങളുടെ അവകാശം പിടിച്ചെടുത്ത് നിശ്ശബ്ദരാക്കാതിരുന്നാല്‍ മതി. ആരോഗ്യ രംഗത്തിന് വേണ്ടി നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ശരിയായ കാര്യമതാണ്.
രാജ്യത്ത് ഏതാണ്ട് എണ്‍പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായാണ് ലഭ്യമായ കണക്ക്. വടക്കന്‍ ബംഗാളിലെ ഒരു മെഡിക്കല്‍ കോളജ് ഓങ്കോളജിസ്റ്റിന്റെ മൊബൈലും സിംകാര്‍ഡും പൊലീസ് പിടിച്ചെടുത്തിരുന്നു. കൊവിഡ് 19 രോഗികളെ ചികിത്സിക്കേണ്ട ഡോക്ടര്‍മാര്‍ റെയിന്‍ കോട്ടും മോശം മാസ്‌കുകളും അണിയാന്‍ നിര്‍ബന്ധിതരാകുന്ന ദുരവസ്ഥ വ്യക്തമാക്കി ഡോക്ടര്‍ ഇന്ദ്രാനില്‍ ഖാന്‍ മാര്‍ച്ച് 29 ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടിയുണ്ടായത്. കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ച ശേഷം വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന് മൊബൈലും സിമ്മും തിരിച്ചുകിട്ടിയത്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരും നഴ്‌സുമാരും രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മാത്രമാണ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന മറുപടിയെങ്കിലും അധികൃതരില്‍ നിന്നുണ്ടായതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.