മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ ഭദ്രന്‍. പൊളിക്കുന്നതിന് മുമ്പ് താമസക്കാര്‍ക്കുള്ള കറന്റ്, വെള്ളം, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിക്കുകയാണെന്ന വാര്‍ത്ത തന്റെ ഉറക്കം കെടുത്തിയെന്ന് ഭദ്രന്‍ പറഞ്ഞു. ഫ്‌ളാറ്റുടമകളില്‍ പലരേയും തനിക്ക് നേരിട്ട് അറിയാം. അവിടെ പ്രായമായവരും രോഗികളുമുണ്ട്. അറിഞ്ഞുകൊണ്ട് ഒരു ദുരന്തം വരുത്തിവെക്കരുതെന്നും ഭദ്രന്‍ പറഞ്ഞു.
ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോണ്‍ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവര്‍. അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തില്‍ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം.ഭദ്രന്‍
സര്‍ക്കാരും കോടതിയും ആലോചിച്ച് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ഗവണ്മെന്റും കോടതിയും മനുഷ്യന്റെ നിലനില്‍പിന് വേണ്ടിയാണ്. കാരണക്കാര്‍ ആയവരെ തിരിച്ചറിയാതെ പോയാല്‍ അതാണ് ഏറ്റവും വലിയ കുറ്റമെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി വിതരണം നാളെ വിച്ഛേദിക്കുമെന്ന് അറിയിച്ച് നഗരസഭ നോട്ടീസ് പതിപ്പിച്ചു.
ഒക്ടോബര്‍ നാലിന് ഫ്‌ളാറ്റുകള്‍ പൊളിച്ചുതുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് നഗരസഭ. സെപ്റ്റംബര്‍ 27നുള്ളില്‍ പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തും. 28-29നിടയില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കും. ഒക്ടോബര്‍ ഒന്ന് മൂന്ന് തീയതികള്‍ക്കിടെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് 750 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാര്‍ക്ക് പൊളിക്കലിനേക്കുറിച്ച് നോട്ടീസ് നല്‍കും. ഒക്ടോബര്‍ മൂന്നിനകം പൊലീസ്, ജില്ലാഭരണകൂടം, അഗ്നിശമനാസേന, ജല-വൈദ്യുതി വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യും. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പും ഈ സമയത്ത് നടത്തും. ഒക്ടോബര്‍ നാലിനും ഡിസംബര്‍ നാലിനുമിടയില്‍ 60 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാമെന്നാണ് കണക്ക് കൂട്ടല്‍. ഡിസംബര്‍ നാലിനും 19നും ഇടയില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണ് പദ്ധതിയിടുന്നത്.
ഭദ്രന്റെ പ്രതികരണം
എന്റെ ഉറക്കം കെടുത്തിയ രാത്രി, വിഷയം: മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍ തന്നെ
അവിടത്തെ കറന്റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട് ചെയ്യാന്‍ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാര്‍ത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്റെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികള്‍. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്. അവിടെ രോഗികള്‍, പ്രായമായവര്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോണ്‍ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവര്‍. അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തില്‍ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം. ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ. ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനില്‍പിന് വേണ്ടിയല്ലേ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാല്‍, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഇവിടുത്തെ ഒരു പൗരന്‍ അല്ലാതായിമാറും.