സമൂഹത്തിന്റെ വൈവിധ്യങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന വിധത്തിൽ വ്യത്യസ്തങ്ങളായ ജീവിതപരിസരമുള്ളവർ ജഡ്ജ് ആയി വരണമെന്ന് മുതിർന്ന അഭിഭാഷകനായ സൗരഭ് കൃപാൽ. സൗരഭ് കൃപാലിനെ ദൽഹി ഹൈക്കോടതി ജഡ്ജ് ആക്കാനുള്ള കൊളീജിയത്തിന്റെ നിർദ്ദേശത്തെ സ്വവർഗാനുരാഗിയാണെന്ന കാരണം പറഞ്ഞ് കേന്ദ്ര ഗവൺമന്റ് ഇക്കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോടതികളിൽ ഉയർന്ന ജാതിക്കാരും ഹെട്രോസെക്ഷ്വൽ ആയ പുരുഷന്മാരുമാണ് കൂടുതലുള്ളത്. എല്ലാ വിഭാഗത്തെയും പ്രതിനിധീകരിക്കാൻ കോടതിക്ക് കഴിയണമെങ്കിൽ അത്തരം ജീവിതാനുഭവമുള്ളവർ ബെഞ്ചിൽ എത്തണമെന്നും സൗരഭ് കൃപാൽ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊൽകത്ത ലിറ്റററി ഇവന്റിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് അവതാരകൻ അരുണാഭ് ദേബ് ചോദിച്ചപ്പോഴായിരുന്നു സൗരഭ് കൃപാലിന്റെ മറുപടി.
‘നിങ്ങൾക്ക് ഇങ്ങനെയൊരു വിശ്വാസമുണ്ട്, അതുകൊണ്ട് നിങ്ങൾ പക്ഷപാതിയാകും എന്ന് പറയുകയാണെങ്കിൽ എല്ലാ ജഡ്ജുമാർക്കും ചില വിശ്വാസങ്ങൾ കാണും. അവർ വളർന്ന ചുറ്റുപാടും അവരുടെ സാഹചര്യങ്ങളും അവരെ സ്വാധീനിക്കും. എല്ലാവരും അവരവരുടെ ബോധ്യങ്ങളിൽ നിന്നാണ് ഓരോന്നും വ്യാഖ്യാനിക്കുക. അവരെല്ലാം പക്ഷപാതപരമായി പെരുമാറുമല്ലോ. അങ്ങനെ നോക്കിയാൽ ആരെയും ജഡ്ജ് ആയി നിയമിക്കാൻ കഴിയില്ലല്ലോ’ സൗരഭ് പറഞ്ഞു.
ഒരാളുടെ ലൈംഗീക ആഭിമുഖ്യമോ വിശ്വാസങ്ങളോ ഒക്കെ ജഡ്ജ് ആയുള്ള നിയമനത്തിന് തടസ്സമാകുമെന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജഡ്ജുമാരും നിയമത്തിന്റെ അകത്താണുള്ളത്. അങ്ങനെ മാത്രമേ അവർക്ക് വിധി പ്രസ്താവിക്കാനും കഴിയൂ. പക്ഷപാതമെന്ന പറയുന്നത് ഏതെങ്കിലും കേസിനെ മുൻവിധിയോടെ സമീപിക്കുന്നത് മാത്രമാണ്. ഇനി ഏതെങ്കിലും ജഡ്ജ് പക്ഷപാതപരമായി പെരുമാറുന്നെന്ന് തോന്നിയാൽ ആ ജഡ്ജിയെ കേസിൽ നിന്ന് മാറ്റിനിർത്താനോ അല്ലെങ്കിൽ ആ ജഡ്‌ജിന് തന്നെ സ്വമേധയാ മാറി നിൽക്കാനോ അവസരവുമുണ്ട്. അമേരിക്കൻ സുപ്രീം കോടതിയിൽ അന്തർസംസ്ഥാന ബസുകളിൽ പാട്ട് പ്ലേ ചെയ്യാൻ കഴിയുമോ എന്നൊരു കേസ് പരിഗണിക്കവെ ഒരു ജഡ്ജ് സ്വീകരിച്ച സമീപനം സൗരഭ് കൃപാൽ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ജഡ്ജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് ഇത്തരം ബസുകളിൽ സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നും ആ ബസുകളിലെ പാട്ടുകൾ അദ്ദേഹത്തിന് അലോസരമുണ്ടാക്കിയെന്നും അതുകൊണ്ട് പ്രസ്തുത കേസിൽ പക്ഷപാതപരമായി വിധി പറയാൻ ഇടയുണ്ടെന്നും ചൂണ്ടിക്കാണിച്ച് ജഡ്ജ് സ്വമേധയാ കേസിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.
'കോടതികളിൽ ഇപ്പോഴുള്ള ജഡ്ജുമാർ ഉയർന്ന ജാതിയിൽ പെട്ടവരും ഹെറ്ററോസെക്ഷ്വൽ ആയ പുരുഷന്മാരുമാണ്. അവർക്കെല്ലാം അവരുടേതായ താല്പര്യങ്ങൾ കാണും. എന്നാൽ ആ താല്പര്യങ്ങൾ മാത്രമുള്ളവരല്ല ഈ രാജ്യത്തുള്ളത്. കോടതികൾ ഈ സമൂഹത്തെ കൂടി പ്രതിനിധീകരിക്കണ്ടേ? അത്തരം ആളുകളും ബെഞ്ചിന്റെ ഭാഗമാകേണ്ടതുണ്ട്. അതിനെ നിങ്ങൾ പക്ഷപാതം എന്നാണ് വിളിക്കുന്നതെങ്കിൽ ഞാനതിനെ വ്യതിരിക്തമായ ജീവിതാനുഭവങ്ങൾ എന്നാണ് വിളിക്കുക.' സൗരഭ് കൃപാൽ പറഞ്ഞു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായി സൗരഭ് കൃപാലിനെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ നിർദേശത്തെ കേന്ദ്രം തള്ളിയത് കൃപാൽ ഒരു ഗേ ആണെന്നും സ്വവർഗാനുരാഗികളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന കൃപാൽ പക്ഷപാതപരമായി പെരുമാറും എന്നും പ്രസ്താവിച്ച് കൊണ്ടായിരുന്നു. കൃപാലിന്റെ പങ്കാളിക്ക് സ്വിസ്സ് പൗരത്തമാണുള്ളതെന്നും കേന്ദ്രം പരാമർശിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും ഒരാളുടെ ലൈംഗീക ആഭിമുഖ്യത്തിൽ പേരിൽ അയാളെ മാറ്റി നിർത്താനാവില്ലെന്നും കൊളീജിയം മറുപടി നൽകി.