പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച്ചയാണ് കേരളം ഇപ്പോള്‍ നേരിടുന്ന ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് വീഴ്ച്ചപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയേക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും ഗാഡ്ഗില്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ നിയന്ത്രണങ്ങളില്ലാതെ സംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടത് പുതിയ നിയമങ്ങളല്ല. ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.മാധവ് ഗാഡ്ഗില്‍
വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്തുണ്ടായതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ സംഭവിച്ചതെന്നും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
മലയിടിച്ചിലിന്റേയും പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞത് ശരിയാണെന്ന് വീണ്ടും തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞത്
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട വെസ്റ്റേണ്‍ ഗാട്‌സ് എക്കോളജി എക്‌സ്‌പേര്‍ട് പാനില്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഒരുവര്‍ഷത്തോളം നീണ്ടുനിന്ന പഠനങ്ങള്‍ക്ക് ശേഷം 2011 സെപ്റ്റംബറില്‍ ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. പശ്ചിമഘട്ടം ഉള്‍പെടുന്ന ആറ് സംസ്ഥാനങ്ങളില്‍ 14 അംഗ വിദഗ്ധ സംഘം തെളിവെടുപ്പ് നടത്തി. പരിസ്ഥിതിസംഘടനകളും ശാസ്ത്രസാങ്കേതികകൂട്ടായ്മകളും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയുമാണ് ഗാഡ്ഗിലും സംഘവും റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പശ്ചിമഘട്ടത്തെ മൂന്ന് തരം പരിസ്ഥിതി ലോല മേഖലകളാക്കി മനുഷ്യഇടപെടല്‍ വഴി നടക്കുന്ന പ്രവര്‍ത്തനങ്ങളെ, ചെയ്യാവുന്നത്, പാടില്ലാത്തത് എന്ന രീതിയില്‍ തരംതിരിച്ചു. ഇങ്ങനെ നിര്‍ദേശിക്കുമ്പോള്‍ സുസ്ഥിരവികസനം, മണ്ണ്-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.
ജൈവസവിശേഷതകള്‍, ഉയരം, ചെരിവ്, കാലാവസ്ഥ, പ്രകൃതിക്ഷോഭസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്ത് എന്തൊക്കെ കാര്യങ്ങള്‍ ആവാം, എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തില്‍ ഒരു സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റിയുടേത്. പ്രദേശവാസികളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയുള്ള സുസ്ഥിര വികസനം കമ്മിറ്റി വിഭാവനം ചെയ്തു. ഇത് കേരളത്തിന്റെ സാഹൂഹിക-സാമ്പത്തിക ഭാവി തകര്‍ക്കുമെന്ന പ്രചരണമാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. ഇടുക്കിയിലും വയനാട്ടിലും റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രചരണങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായി. റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും അത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട അന്നത്തെ ഇടുക്കി എം പി പി ടി തോമസിന് കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പ്രതിഷേധത്തിനിടെ പി ടി തോമസിന്റെ ശവഷോഷയാത്ര നടത്തുകയും എംപിയെ പ്രതീകാത്മകമായി സംസ്‌കരിക്കുകയും ചെയ്തു.