കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരായ വിദ്യാര്‍ഥി സമരത്തെ അധിക്ഷേപിച്ച ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ജിയോ ബേബി. വിദ്യാര്‍ഥികളുന്നയിക്കുന്ന ആരോപണങ്ങളുടെ സത്യസന്ധതയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ നിന്ന് തെളിയിക്കപ്പെടുന്നത്. സ്ത്രീകള്‍ ഉടുത്തൊരുങ്ങുന്നതിലും, ഡബ്ലുസിസിയിലുമെല്ലാം എന്തെല്ലാമോ കുഴപ്പമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്തരം ചിന്താഗതി വച്ചുപുലര്‍ത്തുന്ന അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിന്ന് എത്രയും വേഗം നീക്കാനുള്ള ആര്‍ജവം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ജിയോ ബേബി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.
ജിയോ ബേബിയുടെ പ്രതികരണം.
അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ന് നടത്തിയ വെളിപ്പെടുത്തല്‍, അതിനുപയോഗിച്ച വാചകങ്ങള്‍ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരത്തിന്റെ സത്യസന്ധതയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്. ആര്‍ക്കെങ്കിലും ഇന്നുവരെ ഈ സമരത്തില്‍ എന്തെങ്കിലും സംശയം അവശേഷിച്ചിരുന്നുവെങ്കില്‍ ആ സംശയം ഇതോടെ അവസാനിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമരത്തിന്റെ സത്യം എന്താണെന്നാണ് അടൂര്‍ ഇന്ന് സ്വന്തം വാക്കുകളിലൂടെ തെളിയിച്ചത്. അതുകൊണ്ട് തന്നെ എത്രയും വേഗം ഭരണകൂടം ഈ സമരത്തില്‍ ഇടപെടണം. ഇത് കുട്ടികള്‍ വിജയിക്കാന്‍ പോകുന്ന സമരമാണ്.
ഐഎഫ്എഫ്‌കെ വേദിയില്‍ സമരം നടത്തിയവരെ വൈകാരിക ജീവികളായിട്ടാണ് അടൂര്‍ ഗോപാലകൃഷ്ണന് തോന്നുന്നത്. അദ്ദേഹത്തിന്റെ ചിന്താഗതിയുടെയോ പ്രായത്തിന്റെയോ കുഴപ്പമാകാം അത്. എന്നാല്‍ ആ ചിന്താഗതിയുമായി ഇന്നത്തെ കാലത്ത്, ഇന്നത്തെ തലമുറയോട് ഇടപെടുന്നതിന് യാതൊരു സാധുതയുമില്ല.
സ്ത്രീകള്‍ ഉടുത്തൊരുങ്ങുന്നതിലും, ഡബ്ലുസിസിയിലുമെല്ലാം എന്തെല്ലാമോ കുഴപ്പം അദ്ദേഹം കാണുന്നുണ്ട്. എന്നാല്‍ ഉടുത്തൊരുങ്ങുന്നവരും ഫെമിനസം പറയുന്നവരും പ്രശ്‌നക്കാരാണെന്ന ചിന്താഗതിയുള്ള ഒരാള്‍ എങ്ങനെയായിരിക്കും ഈ സമരത്തോട് പ്രതികരിച്ചത് എന്നതിന്റെ സത്യാവസ്ഥ കൂടിയാണ് ഇവിടെ തെളിയിക്കപ്പെടുന്നത്. അത് അടൂര്‍ ഗോപാലകൃഷ്ണന്റെ മാത്രം പ്രശ്‌നമാണെന്ന് കരുതുന്നില്ല. എന്നാല്‍ ഇത്തരം ചിന്താഗതിയുള്ള ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിന്നും എത്രയും വേഗം നീക്കുകയാണ് വേണ്ടത്. അതിന് ആര്‍ജവുമുള്ള ഒരു സര്‍ക്കാരും ഭരണ സംവിധാനവും ഇവിടെയുണ്ടാകണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.
ഒരുപാട് ആഗ്രഹിച്ചും കഷ്ടപ്പെട്ടുമാണ് ആര്‍ട്ടും ക്രാഫ്റ്റും പഠിക്കാനായി കുട്ടികളെത്തുന്നത്. അവര്‍ക്ക് പഠിക്കാന്‍ പറ്റാത്തത്, അവിടെ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ്. സര്‍ക്കാര്‍ തരുന്ന സ്‌റ്റൈപെന്റ് ചാരിറ്റിയല്ലേ എന്ന് ചോദിച്ചയാളാണ് ശങ്കര്‍ മോഹന്‍. സ്റ്റൈപ്പെന്റ് ചാരിറ്റിയാണെന്ന് വിശ്വസിക്കുന്ന ശങ്കര്‍ മോഹനെപ്പോലെയുള്ള ഒരാള്‍ ഡയറക്ട് ചെയ്യേണ്ട ഒരു വിദ്യാഭ്യാസ സ്ഥാപനമല്ല, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂഷന്‍. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ആ നിലയുണ്ടാകാന്‍ പാടില്ല.
നിസ്സാരമായ കുറ്റങ്ങളല്ല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ സംവരണം അട്ടിമറിക്കുകയാണ് ഇവിടെ ചെയ്തത്. സത്യത്തില്‍ ഒരു ഭരണകൂടവും നിയമ സംവിധാനവും ഈ വിഷയത്തെ നേരിടേണ്ടിയിരുന്നത് ഇങ്ങനെയാണോ? ഇത്തരത്തിലാണോ പൊതു സമൂഹം ഈ വിഷയത്തോട് പ്രതികരിക്കേണ്ടിയിരുന്നത്?
എന്നാലിത് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാത്രം സ്ഥിതിയല്ല എന്നതാണ് സത്യം. കേരളത്തിലെ ഒട്ടനവധി സ്ഥാപനങ്ങളില്‍ ഗ്രാന്റും സ്റ്റൈപ്പെന്റും അനുവദിക്കുന്നതില്‍ അലംബാവമുണ്ടാകുന്നുണ്ട്. ഇവിടെ തോറ്റുപോയാല്‍ നമ്മള്‍ എല്ലായിടത്തും തോറ്റുപോകും. വരാനിരിക്കുന്ന തലമുറ തോല്‍ക്കും. കേരള സമൂഹം ഒന്നാകെ തോറ്റുപോകും. അതുകൊണ്ടുതന്നെ ഇവിടെ ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ ആവശ്യമാണ്.
എത്രയോ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കേരളം ഇന്നത്തെ നിലയിലേക്ക് എത്തിയത്. എന്നാല്‍ ഈ സമരത്തിന് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ നോക്കൂ. ഇടതു -വലതു പ്രസ്ഥാനങ്ങള്‍ ഇതെല്ലാം അറിയുന്നുണ്ടെന്ന് പോലും ഭാവിക്കുന്നില്ല. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഒരുതവണ സമരം സന്ദര്‍ശിച്ചതായി അറിയാം. എന്നാല്‍ പ്രതിപക്ഷമെന്നൊരു സംഘമുണ്ടല്ലോ, കെഎസ് യു പോലെയുള്ള വിദ്യാഭ്യാസ സംഘടനകള്‍ എവിടെയാണ്? എന്തുതരം മാതൃകയാണ് ഇവര്‍ വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ മുന്നോട്ടുവയ്ക്കാനുദ്ദേശിക്കുന്നത്.
ശങ്കര്‍ മോഹനെതിരെ പരാതി ഉന്നയിച്ച വനിതാ ജീവനക്കാര്‍ വലിയ ഭീഷണികളും പ്രശ്‌നങ്ങളുമാണ് നേരിടുന്നത്. ആ സമയം, ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഇടപെടല്‍ ഉണ്ടാകുന്നുണ്ടോ? ഇടതു പക്ഷത്ത് നിന്നുകൊണ്ടാണ് ഞാന്‍ ഈ സമരത്തില്‍ ഇടപെടുന്നത്. അത്തരത്തില്‍ ഇടതുപക്ഷ ചിന്താഗതിക്കാരും, നിരീക്ഷകരും, പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്നവരും ഈ സമരത്തെ അനുകൂലിക്കുന്നുണ്ട്. അപ്പോഴും സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ല എന്ന ധാര്‍ഷ്ട്യത്തോടെ നില്‍ക്കുന്നത് വകവെച്ചുകൊടുക്കാനാകില്ല.
ഈ സമരത്തിന്റെ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഞാന്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം നിന്നത്. തലപ്പത്തിരിക്കുന്നവരുടെ ധാര്‍ഷ്ട്യവും ഈഗോയും അടിച്ചേല്‍പ്പിക്കാനുള്ളവരല്ല കുട്ടികള്‍. അതിനല്ല ഇത്തരം സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത്. എനിക്ക് വ്യക്തിപരമായി തന്നെ അത്തരം അനുഭവങ്ങള്‍ നേരിട്ട് അറിയാവുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളെ വഞ്ചിക്കുകയാണ്. സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ ഞാനത് തിരിച്ചറിഞ്ഞതാണ്.
സംവിധായകന്‍ ജിയോ ബേബി തന്നെ ഉപയോഗിച്ച സംവിധായകനാണെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു.
മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു ചലചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ആ നിലയ്ക്ക് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇറങ്ങിയ സമയത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സിനിമാ- സാംസ്‌കാരിക പ്രവര്‍ത്തകരെ സിനിമ കാണിച്ചിരുന്നു. അത്തരത്തില്‍ ഒരുപാട് പേരെ സിനിമ കാണിക്കുകയും, അഭിപ്രായം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം അത് ചെയ്തു എന്നതുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ന് കൂട്ടുനില്‍ക്കുന്ന തെറ്റുകള്‍ക്ക് ഞാന്‍ കൈയ്യടിക്കണമെന്നാണോ, അതോ നിശബ്ദനായിരിക്കണമെന്നാണോ അദ്ദേഹം ആവശ്യപ്പെടുന്നത്.ജിയോ ബേബി