Around us

സര്‍ക്കാരിന് അധികാരത്തിന്റെ ഈഗോ; എട്ടുവയസ്സുകാരിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന നടപടിയെന്ന് ദിനു വെയില്‍

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെതിരെ ദിശ സംസ്ഥാന പ്രസിഡന്റ് ദിനു വെയില്‍. സംസ്ഥാന സര്‍ക്കാരിന്റേത് പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന നടപടിയാണെന്നും ദിനു പറഞ്ഞു

കോടതിക്കകത്ത് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിട്ട് പോലും സര്‍ക്കാര്‍ ഒരു ക്രിമിനല്‍ കേസ് വാദിക്കുന്ന വാശിയോടെയാണ് എട്ടുവയസ്സുകാരിക്കെതിരെ നിലപാട് എടുത്തത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കികൊണ്ട് ഇതേ അധികാരത്തിന്റെ ഈഗോയാണ് സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ദിനു പറഞ്ഞു.

കുട്ടിയ്ക്ക് നിയപരമായ പിന്തുണ നല്‍കുന്നത് ദിശയാണ്. നാളെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ദിശയുടെ ഉപദേശക സമിതി അംഗം അഡ്വ എകെ പ്രീത കുട്ടിയ്ക്കായി ഹാജരാവുമെന്നും ദിനു വ്യക്തമാക്കി.

ദിനു വെയിലിന്റെ പ്രതികരണം

പൗരന്റെ മൗലികാവകാശ ലംഘനങ്ങള്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം നല്‍കുക എന്ന നിയമ സാധുതയെ സുപ്രീം കോടതി ഊട്ടി ഉറപ്പിച്ചത് നിലാബട്ടി ബെഹ്റ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഒറീസ്സ എന്ന കേസിലാണ്. Public Law Remedy പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുന്നത് പൊതു അധികാരത്തെ സിവിലൈസ് ചെയ്യുക എന്നതിന് മാത്രമല്ലെന്നും പൗരന് താന്‍ ജീവിക്കുന്നത് തന്റെ അവകാശങ്ങളെ സംരക്ഷിക്കുവാന്‍ താല്‍പര്യമുള്ള നിയമ സംവിധാനത്തിന് കീഴിലാണെന്ന ഉറപ്പ് കൊടുക്കല്‍ കൂടിയാണെന്നാണ് പ്രസ്തുത വിധിയില്‍ ജസ്റ്റിസ് ഡോ എ എസ് ആനന്ദ് അഭിപ്രായപ്പെട്ടത്.

''ആന്റി ഞാന്‍ കളവൊന്നും ചെയ്തില്ല'' എന്ന് പറഞ്ഞ് രാത്രികളില്‍ ഞെട്ടി എഴുന്നേറ്റുകൊണ്ടിരുന്ന ഒരു കുട്ടിയുടെ മനസിലുണ്ടായ ട്രോമയ്ക്ക് , ആ പോറലിന് സര്‍ക്കാരിന് കൊടുക്കാന്‍ കഴിയുന്ന നിനക്കൊപ്പം ഞങ്ങളുണ്ട് എന്ന വാക്കായിരുന്നു കോടതി വിധിയെ മാനിച്ചു കൊണ്ട് വിധി നടപ്പിലാക്കുകയെന്നത്. കോടതിക്കകത്ത് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിട്ട് പോലും സര്‍ക്കാര്‍ ഒരു ക്രിമിനല്‍ കേസ് വാദിക്കുന്ന വാശിയോടെയാണ് എട്ടുവയസ്സുകാരിക്കെതിരെ നിലപാട് എടുത്തത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കികൊണ്ട് ഇതേ അധികാരത്തിന്റെ ഈഗോയാണ് സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 22.10.2021 ന് പുറപ്പെടുവിച്ച വിധിയനുസരിച്ച്, നഷ്ടപരിഹാര തുക നല്‍കാനുള്ള രണ്ട് മാസം എന്ന കാലാവധി കഴിഞ്ഞിട്ടും കോടതിയലക്ഷ്യം ഉടനെ തന്നെ ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ ചെയ്യാതിരുന്നതിന്റെ കാരണം, കേരള സര്‍ക്കാര്‍ ഈ വിഷയം ഗൗരവപൂര്‍വ്വമായി എടുത്ത്, സമയം കഴിഞ്ഞാലും കുട്ടിക്ക് ആവശ്യമായ നീതി നല്‍കും എന്ന് വിശ്വസിച്ചതുകൊണ്ടാണ്. ആ വിശ്വാസം പാടെ തെറ്റിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. സ്വന്തമായി ഭൂമിപോലുമില്ലാത്ത കൂലി പണിക്കാരനായ ഒരച്ഛന്റെ എട്ടുവയസ്സുകാരിയായ മകളോട് നിയമ പോരാട്ടം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ നീതിബോധമുള്ള, സഹാനുഭൂതിയുള്ള ഏതൊരു മനുഷ്യനും ധാര്‍മ്മിക രോഷമുണ്ടാവും.

യഥാര്‍ത്ഥത്തില്‍ ദേവിപ്രിയ vs കേരള സര്‍ക്കാര്‍ എന്ന റിപ്പോര്‍ട്ടഡ് ജഡ്ജ്മെന്റ് മറ്റ് അനേകം മനുഷ്യര്‍ക്ക് അവരുടെ മൗലിക അവകാശ സംരക്ഷണത്തിനായി മാറുകയും സ്റ്റേറ്റിന്റെ അധികാരം ദുരുപയോഗം ചെയ്ത് ഒരു ഉദ്യോഗസ്ഥനും പെരുമാറാതിരിക്കാനുള്ള അഭിമാനകരമായ ഒരു ജഡ്ജ്മെന്റ് ആയി മാറുകയും ചെയ്യുവാനുള്ള സാധ്യതയെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഒരുപാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് കൂടിയാണിത്. മൗലികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പോയ വര്‍ഷം കേരള ഹൈക്കോടതി പുറപ്പെടുപ്പിച്ച വിധിന്യായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നിന്റെ ആത്മവീര്യം കെടുത്തുന്നതാണ് ഈ നടപടി. ഇത് കേവലം കുട്ടിക്കെതിരെ സ്റ്റേറ്റ് പ്രയോഗിക്കുന്ന അധികാരമായിട്ട് മാത്രമല്ല മനസ്സിലാക്കുന്നത്, സമാനമായ മൗലിക അവകാശ ലംഘനങ്ങളുണ്ടാകുമ്പോള്‍ ഞങ്ങള്‍ അതിന് ഉത്തരം പറയാന്‍ തയ്യാറല്ല എന്ന് പറയുന്ന പോലെയുള്ള ധാര്‍ഷ്ഠ്യമായാണ് ഈ അപ്പീല്‍ അനുഭവപ്പെടുന്നത്. ഒരു പൗരനെന്ന നിലയില്‍ സര്‍ക്കാറിന്റെ ഈ നിലപാട് സങ്കടകരമായ ഒന്നാണ്.

കുട്ടിയുടെ മൗലിക അവകാശം ലംഘിക്കപ്പെട്ടിട്ടില്ല എന്നാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ വാദിച്ചത്. അപ്പീലിലും ഈ വാദം സര്‍ക്കാര്‍ തുടരുകയാണ്.

'പോലീസ് ആന്റി എന്നോട് അച്ഛന്‍ തന്ന ഫോണ്‍ എന്ത് ചെയ്തുവെന്ന് ചോദ്യം ചെയ്‌തെ'ന്ന് നിഷ്‌കളങ്കമായി പറയുന്ന എട്ടുവയസ്സുകാരിയെ, അവളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ തുടര്‍വാദം.

നാളെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ദിശയുടെ ഉപദേശക സമിതി അംഗം അഡ്വ. എ.കെ. പ്രീത കുട്ടിയ്ക്ക് വേണ്ടി ഹാജരാകും. നീതിപൂര്‍വ്വമായ ഇടപെടല്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT